എറണാകുളം ജില്ലയിലെ ആദ്യ സർക്കാർ ഗ്രീൻ ക്യാമ്പസായി ടി എം ജേക്കബ് മെമ്മോറിയൽ ഗവ കോളേജ് മണിമലക്കുന്നിനെ പ്രഖ്യാപിച്ചു
തിരുമാറാടി : മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ ആദ്യ സർക്കാർ ഗ്രീൻ ക്യാമ്പസായി ടി എം ജേക്കബ് മെമ്മോറിയൽ ഗവ കോളേജ് മണിമലക്കുന്നിനെ
പ്രഖ്യാപിച്ചു. അനൂപ് ജേക്കബ് എം എൽ എ പ്രഖ്യാപനം നടത്തി.
തിരുമാറാടി പഞ്ചായത് പ്രസിഡന്റ് അഡ്വ.സന്ധ്യാമോൾ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കേരളത്തെ മാലിന്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഹരിത ക്യാമ്പസ് നാടിനു സമർപ്പിച്ചുകൊണ്ടാണ് ജനകീയ ക്യാമ്പയിന് തുടക്കം കുറിച്ചത്.
തിരുമാറാടി പഞ്ചായത്ത്, ഹരിതകേരളം മിഷൻ, ടി എം ജേക്കബ് മെമ്മോറിയൽ ഗവ കോളേജ് മണിമലക്കുന്ന് എൻഎസ്എസ് യൂണിറ്റ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.
ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ മാലിന്യ പരിപാലനം, ജൈവ വൈവിധ്യം, കൃഷി, ഊർജ സംരക്ഷണം, ജല സുരക്ഷ, ഹരിത പെരുമാറ്റ ചട്ടം, മറ്റു അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയെ അടിസ്ഥാനത്തിൽ നടത്തിയ ഗ്രേഡിങ്ങിൽ എ പ്ലസ് നേടികൊണ്ടാണ് കോളേജ് ഈ അംഗീകാരം നേടിയത്. ക്യാമ്പസിൽ എൻ എസ് എസിന്റെ നേതൃത്വത്തിൽ ജൈവ വൈവിധ്യ പ്രവർത്തനം, പച്ചത്തുരുത് എന്നിവ നിർമ്മിച്ചു പരിപാലിച്ചു വരുന്നു. കാന്റീനിലെ ജൈവ മാലിന്യം ഉൾപ്പെടെ സംസ്കരിക്കുന്നത്തിനായി ബയോ ഗ്യാസ് പ്ലാന്റ് പ്രവർത്തിച്ചു വരുന്നു. ഒരു ദിവസം രണ്ടു മണിക്കൂർ ബയോ ഗ്യാസ് പാചക ആവശ്യത്തിനായി ലഭിക്കുന്നു. കൂടാതെ ഓഫീസ് പൂർണമായും പ്രവർത്തിക്കുന്നത് സോളാർ പാനലിലാണ്. കൂടാതെ പൊതു സ്ഥലങ്ങളിൽ ഉൾപ്പെടെ മാലിന്യ പരിപാലന ബോർഡുകൾ, ക്ലാസ്സ് മുറികളിൽ ഉൾപ്പെടെ പ്ലാസ്റ്റിക്, കടലാസ്, ജൈവ അവശിഷ്ടം നിക്ഷേപിക്കിന്നതിന് പ്രത്യേക ബിന്നുകൾ എന്നിവ കോളജിൽ പ്രവർത്തിക്കുന്നു. കൂടാതെ മെഗാ ക്ലീനിങ് ഡ്രൈവ്, ഗ്രീൻ ടോക്ക് എന്നിവയും സംഘടിപ്പിച്ചു
, പഞ്ചായത് വൈസ് പ്രസിഡന്റ് എം.എം.ജോർജ് ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മണിമലക്കുന്ന് ടി എം ജേക്കബ് മെമ്മോറിയൽ ഗവ കോളേജ് പ്രിൻസിപ്പൽ ഡോ കെ.മണിലാൽ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ എ.എ.സുരേഷ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രമ മുരളിധരകൈമൾ, പഞ്ചായത്ത് അംഗം ആതിര സുമേഷ്, വിഇഒ ആർ. പ്രിയരഞ്ജൻ, എച്ച് ഐ ശ്രീകല ബിനോയ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ജെ.ജിജ, നിർമ്മൽ ബാബു, ഹരിതകർമ്മ സേനാംഗങ്ങൾ, എൻഎസ്എസ് വോളണ്ടിയേഴ്സ് എന്നിവർ സന്നിഹിതരായിരുന്നു.
ഫോട്ടോ : ജില്ലയിലെ ആദ്യ സർക്കാർ ഗ്രീൻ ക്യാമ്പസായി ടി എം ജേക്കബ് മെമ്മോറിയൽ ഗവ കോളേജ് മണിമലക്കുന്നായി അനൂപ് ജേക്കബ് എം എൽ എ പ്രഖ്യാപനം നടത്തുന്നു.