നിയന്ത്രിക്കാൻ ആരുമില്ല.. നിരത്തിൽ ലോഡ് വണ്ടികൾ തോന്നും പോലെ
കോലഞ്ചേരി:നിയന്ത്രിക്കാൻ ആരുമില്ലാതെ ലോഡ് വണ്ടികൾ തോന്നും പോലെ പായുന്നു.അമിത ലോഡും പുറത്തേക്ക് തള്ളിയ ലോഡും, ഡ്രൈവിങ്ങിനിടയിൽ മൊബൈൽ ഉപയോഗിച്ചും,മൂടാതെയുള്ള മണ്ണ് -കല്ല് -മെറ്റൽ ഓട്ടങ്ങളും, റോഡിലേക്ക് തുറന്ന് വച്ച് ഒഴുക്കി ഓടുന്ന മീൻ വണ്ടികളും മറ്റും എല്ലാം കൂടിയാകുമ്പോൾ സാധാരണ വാഹന വഴി യാത്രക്കാരന് റോഡിലൂടെയുള്ള യാത്ര ദുരിതം പേറുന്നതും അപകടം നിറഞ്ഞതുമാകുന്നു. ഇത് പരിശോധിക്കാനൊ വേണ്ട നടപടികൾ സ്വീകരിക്കാനോ ഉത്തരവാദിത്വപ്പെട്ട പോലീസ് -മോട്ടോർ വെഹിക്കിൾ വകുപ്പുകൾ തുനിയാത്തത് പലപ്പോഴും റോഡിൽ അപകടങ്ങൾ വിളിച്ച് വരുത്തുന്നു. മണ്ണും കല്ലും മെറ്റലുമെല്ലാം കയറ്റി ടോറസ് ലോറികൾ വഴി നീളെ പായുകയാണ്. കഴിഞ്ഞ ദിവസവും കടമറ്റത്ത് ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികരായ 2 യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അമിത ലോഡ് മെറ്റലുമായി വേഗത്തിൽ പോയ ലോറിയിൽ നിന്ന് മെറ്റൽ ചീളുകൾ കൂട്ടമായി കോലഞ്ചേരി ജംഗ്ഷനിൽ വീണത് ഇന്നലെ ഫയർ ഫോഴ്സ് എത്തിയാണ് മാറ്റി റോഡ് സഞ്ചാരയോഗ്യമാക്കിയത്. നിയമം കർശനമായി നടപ്പാക്കിയില്ലെങ്കിൽ റോഡിലെ ഈ തോന്നിയവാസം ദിനം പ്രതി കൂടുമെന്നുറപ്പാണ്. ലോഡ് വണ്ടികളുടെ നിയമലംഘനങ്ങൾ കണ്ടിട്ടും കാണാത്ത ഭാവം നടിക്കുന്ന ഉത്തരവാദിത്വപ്പെട്ട പോലീസ് – മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ ഉണർന്ന് പ്രവർത്തിച്ചില്ല എങ്കിൽ ഇനിയും വിലപ്പെട്ട ജീവനുകൾ ഇത് മൂലം റോഡിൽ പൊലിയും.
(ഫോട്ടോ:1.പത്താമയിൽ- പട്ടിമറ്റം റോഡിലൂടെ അമിതമായി പുറത്തേക്ക് തള്ളി നിൽക്കുന്ന തടിയുമായി പോകുന്ന തടി ലോറി.)
(ഫോട്ടോ: 2കോലഞ്ചേരി ജംഗ്ഷനിൽ ലോഡ് വണ്ടിയിൽ നിന്നും വീണ മെറ്റൽ ചീളുകൾ ഫയർ ഫോഴ്‌സ് നീക്കം ചെയ്തു റോഡ് സഞ്ചാരയോഗ്യമാക്കുന്നു.)
(സജോ സക്കറിയ ആൻഡ്രൂസ് -കോല
ഞ്ചേരി)