കഷ്ടിച്ച് രണ്ട് ബസുകള്‍ക്ക് നിർത്തിയിടാൻ മാത്രമുള്ള ഇടം, യാത്രക്കാർക്ക് കയറി നില്ക്കാൻ ഒരു കാത്തിരിപ്പ് കേന്ദ്രമോ ശങ്ക തീർക്കാൻ ശൗചാലയ സൗകര്യമോ ഇല്ല
മുളന്തുരുത്തി: കഷ്ടിച്ച് രണ്ട് ബസുകള്‍ക്ക് നിർത്തിയിടാൻ മാത്രമുള്ള ഇടം, യാത്രക്കാർക്ക് കയറി നില്ക്കാൻ ഒരു കാത്തിരിപ്പ് കേന്ദ്രമോ ശങ്ക തീർക്കാൻ ശൗചാലയ സൗകര്യമോ ഇല്ല.അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ഇല്ലാത്ത ഈ ബസ് സ്റ്റാൻഡില്‍ മഞ്ഞും മഴയും വെയിലും കൊണ്ട് വേണം യാത്രക്കാർ ബസ് കാത്ത് നില്ക്കാൻ. മുളന്തുരുത്തി പള്ളിത്താഴം കവലയിലെ ബസ് സ്റ്റാൻഡിന് ആണ് ഈ ദുർഗതി.
പള്ളിത്താഴം കവലയിലെ ഗതാഗത കുരുക്കിന് പരിഹാരമായിട്ടാണ് ജംഗ്ഷനില്‍ നിന്ന് 50 മീറ്റർ ദൂരേക്ക് മാറി പുതിയ ബസ് സ്റ്റാൻഡ് പണികഴിപ്പിച്ചത്. ബസ് സ്റ്റാൻഡ് മാറ്റിയിട്ട് 4 വർഷമായെങ്കിലും ബസുകള്‍ സ്റ്റാൻഡില്‍ കയറാത്തതിനാല്‍ കവലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം ആയില്ല. മുളന്തുരുത്തി എസ്. എച്ച്. ഒ. യുടെ കർശന നിർദേശപ്രകാരം പ്രൈവറ്റ് ബസുകള്‍ സ്റ്റാൻഡില്‍ നിർത്തി ആളെ കയറ്റണമെന്ന് നിയമം നടപ്പിലാക്കിയതിന് ശേഷം യാത്രക്കാർ കൂടുതല്‍ ദുരിതത്തിലായി.
സ്റ്റാൻഡിലേക്ക് എത്തുന്ന വാഹനങ്ങള്‍ എങ്ങോട്ടാണ് പോകുന്നത് എന്ന് അറിയാത്ത യാത്രക്കാർ സ്റ്റാൻഡിലൂടെ തലങ്ങും വിലങ്ങും പായുകയാണ്. അനൗണ്‍സ്മെന്റ് സൗകര്യങ്ങളോ, കൃത്യമായ നിർദ്ദേശങ്ങളോ ഇല്ലാത്തതും യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. ദീർഘദൂര യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.