വ്യാജ പരാതി നൽകി പ്രധാനാധ്യാപകനിൽ നിന്നും പണം തട്ടാൻ ശ്രമിച്ച പ്രതികളെ റിമാൻഡ് ചെയ്തു.
പിറവം : സെന്റ് ജോസഫ് ഹൈസ്‌കൂൾ പ്രധാനാധ്യാപകൻ ഡാനിയൽ തോമസിൽ നിന്നും വ്യാജ പരാതി നൽകി പണം തട്ടാൻ ശ്രമിച്ച കേസിൽ സ്‌കൂളിലെ തന്നെ പി.ടി.എ പ്രസിഡണ്ട് ഉൾപ്പടെ വിജിലൻസ് അറസ്റ്റ് ചെയ്ത നാല് പേരെ കോടതി റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് തിരുവനന്തപുരം വെഞ്ഞാറമൂട് ഇന്ത്യൻ കോഫി ഹൗസിന് സമീപത്ത് നിന്നാണ് പി.ടി.എ. പ്രസിഡണ്ട് ബിജു തങ്കപ്പൻ, മുൻ പി.ടി.എ. നിർവാഹക സമിതിഅംഗം പി. പ്രസാദ് , രാകേഷ് റോഷൻ , അലോഷ്യസ് ജോസ് എന്നിവരെ വിജിലൻസ് തന്ത്രപൂർവ്വം പിടികൂടിയത്. സ്‌കൂളിൽ നടന്ന സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് പി.പ്രസാദ് നേരത്തെ വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയിരുന്നു. ഈ കേസ് ഒത്തു തീർപ്പാക്കുന്നതിന് 15 ലക്ഷം രൂപ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നല്കണമെന്ന് പ്രധാന അധ്യാപകൻ ഡാനിയേൽ തോമസിനെ വിശ്വസിപ്പിച്ചാണ് തട്ടിപ്പിന് തുടക്കം ഇട്ടത്. ഇല്ലങ്കിൽ അധ്യാപകന്റെ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ തടയുമെന്നും, സ്‌കൂളിന്റെ സൽപ്പേര് നഷ്ട്ടപെടുത്തുമെന്നും ഭീഷിണിപ്പെടുത്തിയതായി പറയുന്നു. തുടർന്ന് ഉദ്യോഗസ്ഥരെന്ന് വ്യാജേന ആറ്റിങ്ങൽ സ്വദേശി രാകേഷ് റോഷിനെ പി.റ്റി.എ പ്രസിഡന്റ് പണം കൈപ്പറ്റാൻ ഹോട്ടലിൽ എത്തിക്കുകയായിരുന്നു എന്നാണ് വിവരം. ഇടുക്കി സ്വദേശിയായ പി. പ്രസാദ്, സ്കൂളിൽ തന്നെ അധ്യാപികയുടെ ഭർത്താവായ ഓണക്കൂർ സ്വദേശി അലേഷ് ജോസ് എന്നിവരും തട്ടിപ്പ് സംഘത്തിൽ ഉണ്ടായിരുന്നു. പിടിഎ പ്രസിഡണ്ട് നൽകിയ പരാതി ഒത്തുതീർപ്പാക്കുന്നതിന് കഴിഞ്ഞ ആഴ്ച ഇവരെ കൂടാതെ പിറവത്ത് നിന്നും ചിലർ പ്രതികളോടൊപ്പം തിരുവനന്തപുരത്ത് എത്തിയിരുന്നു. ഇവരുടെ ചിലവിനായി നല്ലൊരു തുക അദ്ധ്യാപകനിൽ നിന്നും ഈടാക്കിയിരുന്നു. അന്ന് സെക്രട്ടറിയേറ്റിന് സമീപമുള്ള ഹോട്ടലിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന് എന്ന വ്യാജേന ദയനിയേൽ തോമസുമായി നടന്ന കൂടിക്കാഴ്ചയിൽ കേസിൽ നിന്നും രക്ഷപെടുത്താൻ 15 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ തുടർച്ചയായാണ്
ഹെഡ് മാസ്റ്ററിൽ നിന്നും നിന്നും പണം തട്ടാൻ ശ്രമിച്ചത്. വൻ തുക ആവശ്യപ്പെട്ടതോടെയാണ് അധ്യാപകൻ സുഹൃത്തായ പോലീസ് ഉദ്യോഗസ്ഥൻ മുഖേന വിജിലൻസിനെ വിവരമറിയിച്ചത്. സംഭവം സംബന്ധിച്ച് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് നൽകിയിരുന്നു. തട്ടിപ്പ് സംബന്ധിച്ച് കൂടുതൽ അന്വേഷണത്തിനായി വിജിലൻസ് സംഘം പിറവത്ത് എത്തി പ്രതികളുടെ വീടുകളിൽ തെളിവെടുപ്പ് നടത്തിയിരുന്നു. സ്‌കൂളിൽ പി.ടി.എ.യുടെ നേതൃത്വത്തിൽ നടത്തിയ പരിപാടികളുടെ കണക്ക് കൃത്യമായി അവതരിപ്പിച്ചിട്ടില്ല, ചാരിറ്റിയുടെ പേരിൽ പിരിവുകൾ നടത്തുന്നു , സ്‌കൂൾ ഐ.ഡി. കാർഡുകൾ വിതരണം ചെയ്തതിൽ അപാകതകൾ നടന്നിട്ടുണ്ട് , ബിൽഡിങ് നിർമ്മാണത്തിൽ ക്രമക്കേടുകൾ നടന്നു തുടങ്ങിയ പരാതികളാണ് പ്രധാന അധ്യാപകനെതിരെയുള്ള പരാതിയിൽ ഉന്നയിച്ചത്.