കേരളത്തില്‍ സാമൂഹിക നീതി ഇതുവരെ നടപ്പായിട്ടില്ലെന്ന് എസ്.എൻ.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
കൂത്താട്ടുകുളം : കേരളത്തില്‍ സാമൂഹിക നീതി ഇതുവരെ നടപ്പായിട്ടില്ലെന്ന് എസ്.എൻ.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.എസ്.എൻ.ഡി.പി. യോഗം കൂത്താട്ടുകുളം യൂണിയൻ വാർഷികാഘോഷ പൊതുസമ്മേളനവും മൈക്രോ ഫിനാൻസ് വിതരണവും ബ്രിയോ കണ്‍വെൻഷൻ പാർക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആദർശ രാഷ്ട്രീയം കാലഹരണപ്പെട്ടു. രാഷ്ട്രീയ പാർട്ടികളെല്ലാം സാമുദായിക വോട്ട് ബാങ്കിനാണ് ആനുകൂല്യങ്ങള്‍ നല്‍കുന്നത്. ഈഴവ സമുദായത്തിന് ആവശ്യത്തിന് സ്കൂളുകള്‍ പോലും ലഭിച്ചിട്ടില്ല. ഇനിയെങ്കിലും ഈഴവർ സംഘടിച്ച് ഒന്നായി നിന്നെങ്കിലേ രക്ഷയുള്ളൂവെന്നും വെള്ളാപ്പളളി പറഞ്ഞു.
എസ്.എൻ. ട്രസ്റ്റ് ബോർഡ് മെമ്ബർ പ്രീതി നടേശൻ അനുഗ്രഹ പ്രഭാഷണം നടത്തി. എസ്. എസ്.എല്‍.സി, പ്ളസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവർക്കും യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കള്‍ക്കും പി.എച്ച്‌ഡി നേടിയവർക്കും അവാർഡുകള്‍ വെള്ളാപ്പള്ളി നടേശനും പ്രീതി നടേശനുംവിതരണം ചെയ്തു.
യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സി.പി. സത്യൻ സ്വാഗതം ആശംസിച്ചു. ധനലക്ഷ്മി ബാങ്ക് റീജിയണല്‍ മാനേജർ അരുണ്‍ സോമനാഥൻ നായർ, ബാങ്ക് മാനേജർ ഷിജു എം.വി, കൂത്താട്ടുകുളം യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. അജിമോൻ തുടങ്ങിയവർ സംസാരിച്ചു