സിപിഎം ൽ വിഭാഗീയത കൂത്താട്ടുകുളം ടൗൺ നോർത്ത് പാലകുന്നേൽ താഴം ബ്രാഞ്ച് സമ്മേളനം നിർത്തിവച്ചു
കൂത്താട്ടുകുളം : സിപിഎം ൽ വിഭാഗീയത കൂത്താട്ടുകുളം ടൗൺ നോർത്ത് പാലകുന്നേൽ താഴം ബ്രാഞ്ച് സമ്മേളനം നിർത്തിവച്ചു. 24 ന് നടന്ന ബ്രാഞ്ച് സമ്മേളനത്തിനിടയിൽ അംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസം ഉണ്ടാകുകയായിരുന്നു. നിലവിൽ സെക്രട്ടറിയായിരുന്ന രജനീഷ് രാജപ്പൻ വീണ്ടും സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ ശ്രമിച്ചപ്പോൾ അതേ സ്ഥാനത്തേക്ക്
വിമത വിഭാഗം പുതിയ സ്ഥാനാർഥിയെ പരിചയപ്പെടുത്തിയതോടെയാണ് അഭിപ്രായ വ്യത്യാസം ആരംഭിച്ചത്.
മഹേഷ് മോഹനനെ
മത്സര രംഗത്തിറക്കിയതോടെ ഐക്യകണ്ഠേന ബ്രാഞ്ച് സെക്രട്ടറിയെ തെരഞ്ഞെടുക്കാൻ കഴിയാതായി. ഇതേ തുടർന്നാണ് സമ്മേളനം നിർത്തിവച്ചത് .
പാലക്കുഴ ലോക്കൽ സെക്രട്ടറിയും കൂത്താട്ടുകുളം ഏരിയ കമ്മറ്റി അംഗവുമായ ജോഷി സ്കറിയ നിരീക്ഷകൻ ആയിരുന്നു. പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതിന്റെ മുന്നോടിയായി ബ്രാഞ്ച് സമ്മേളനങ്ങൾ നടക്കുന്നത്. കൂത്താട്ടുകുളത്തെ സിപിഎം ലോക്കൽ കമ്മിറ്റിയിൽ നിലനിൽക്കുന്ന വിഭാഗീയതയുടെ തുടർച്ചയാണ് ഈ സംഭവം എന്നാണ് പറയുന്നത്.
സാമ്പത്തിക താൽപര്യങ്ങൾ മാത്രം മുൻനിർത്തി തീരുമാനങ്ങൾ കൈക്കൊള്ളുന്ന പാർട്ടി നേതൃത്വത്തിന്റെ തെറ്റായ തീരുമാനത്തിനെതിരെയും അനീതിക്കെതിരെയും വിരൽ ചൂണ്ടുന്നവരെ ഒതുക്കുന്ന സമീപനമാണ് നേതൃത്വം സ്വീകരിക്കുന്നത് എന്നാണ് ഒരു വിഭാഗത്തിൻറെ ആരോപണം.
നേതൃത്വത്തിന്റെ തെറ്റായ വഴിവിട്ട തീരുമാനങ്ങൾ മൂലം പാർട്ടിയിലെ ബഹുഭൂരിപക്ഷം യുവാക്കളും. പാർട്ടിയിൽ നിന്നും പൂർണമായി അകന്ന് നിൽക്കുകയാണ്. പല പാർട്ടി അംഗങ്ങളും അംഗത്വം പുതുക്കാതെ മാറി നിൽക്കുന്നതാണ് വിവരം.
കൂത്താട്ടുകുളം ലോക്കൽ കമ്മിറ്റിയുടെ കീഴിൽ 27 ബ്രാഞ്ചുകൾ ആണ് ഉള്ളത്. ഇതേവരെ 7 സമ്മേളനം നടന്നു കഴിഞ്ഞു. എൽഡിഎഫ് ഭരിക്കുന്ന കൂത്താട്ടുകുളം നഗരസഭയിലെ കെടുകാര്യസ്ഥതയിലും വികസനം മുരടിപ്പിലും പാർട്ടി അണികൾക്കിടയിൽ സ്വരച്ചേർച്ച കുറവുണ്ട്.
ഭരണകക്ഷിയായ സിപിഎമ്മിലെ ഉന്നതരും പ്രതിപക്ഷ കോൺഗ്രസ് പ്രധാനികളും തമ്മിൽ നടക്കുന്ന അന്തർധാരകൾ മൂലം കൂത്താട്ടുകുളത്തിന്റെ വികസനം തന്നെ മുരടിച്ചു പോകുന്നതായി ഇവർ ആരോപിക്കുന്നു. ഇനി നടക്കാനിരിക്കുന്ന ഓലക്കാട്, ചമ്പമല, തളിക്കുന്ന്, ചെള്ളക്കപ്പടി തുടങ്ങിയ നിരവധി ബ്രാഞ്ചുകളിലും എതിർപ്പുകൾ മറനീക്കി പുറത്തുവന്നിട്ടുണ്ട് .