Back To Top

May 25, 2026

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

എറണാകുളം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്‌, അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

കൂടാതെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും വരും മണിക്കൂറില്‍ സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്കാണ് നിലവില്‍ സംസ്ഥാനത്ത് മഴ മുന്നറിയിപ്പുള്ളത്.

 

ഇന്നത്തെ മുന്നറിയിപ്പ് പ്രകാരം, 9 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് നിലനില്‍ക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

 

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 28 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-50 km വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വർധിപ്പിക്കും. കൂടാതെ ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നതും ഒഴിവാക്കുക.

 

ശക്തമായ മഴയ്ക്കും കാറ്റിനും മുന്നറിയിപ്പുള്ളതിനാല്‍ കേരള – കർണാടക – ലക്ഷദ്വീപ്‌ തീരങ്ങളില്‍ 28 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കർണാടക – ലക്ഷദ്വീപ്‌ തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Prev Post

കണക്ട് ആൻഡ് വിൻ സമ്മാനപദ്ധതി സ്‌കൂട്ടർ വിതരണം ചെയ്തു

Next Post

എൻഎസ്എസ് കരയോഗം കുടുംബമേള

post-bars