പാമ്പാക്കുട പഞ്ചായത്തിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് 25 ന്; യുഡിഎഫിൽ പ്രതിസന്ധി
പിറവം : പാമ്പാക്കുട പഞ്ചായത്തിൽ പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് എന്നിവർ രാജിവച്ച ഒഴിവിലേക്കുള്ള തെരഞ്ഞെടുപ്പ് 25 ന് നടക്കും. യുഡിഎഫ് ഭരണത്തിലുള്ള പഞ്ചയത്തിൽ മുന്നണി അംഗങ്ങൾ തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെയാണു കോൺഗ്രസ് അംഗമായ തോമസ് തടത്തിൽ പ്രസിഡന്റ്റ് സ്‌ഥാനവും, കേരള കോൺഗ്രസ് (ജേക്കബ്) അംഗമായ രാധാ നാരായണൻകുട്ടിവൈസ് പ്രസിഡൻ്റ് സ്ഥാനവും രാജിവച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ഒന്നിലധികം പേരുകൾ ഉയരുന്നത് യു.ഡി.എഫിൽ കടുത്ത പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ് . കൂടാതെ പ്രസിഡന്റ്റ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കു യൂഡിഎഫിൽ നിന്നു അസംതൃപ്‌തർ മത്സരിക്കാൻ തയാറായാൽ പിന്തുണ നൽകുന്നതിന് എൽഡിഎഫ് തയാറായേക്കും എന്നതും വെല്ലുവിളിയാണ്. ഭരണ മുന്നണിയിൽ കോൺഗ്രസ് -6, കേരള കോൺഗ്രസ് (ജേക്കബ്)-2, കേരള കോൺഗ്രസ് (ജെ)-1 എന്നിങ്ങനെയാണു കക്ഷിനില. എൽഡിഎഫിനു 4 അംഗങ്ങൾ ആണ് ഉള്ളത്. കോൺഗ്രസ് അംഗങ്ങളായ ശ്രീകാന്ത് നന്ദനൻ. ജിനു.സി.ചാണ്ടി എന്നിവരുടെ പേരുകളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നുവരുന്നത്. എന്നാൽ ഇവർക്കെതിരെ കടുത്ത എതിർപ്പും മുന്നണിയിലുണ്ട്. കേരള കോൺഗ്രസിനുള്ള ഏക വനിതാ പ്രതിനിധിയായ രാധാ നാരായണൻകുട്ടിയെ വൈസ് പ്രസിഡന്റ് സ്‌ഥാനത്തേക്കു വീണ്ടും മത്സരിപ്പിക്കുന്നതിനാണ് നിലവിലെ ധാരണ. പാമ്പാക്കുട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ മുന്നണിക്കെതിരെ മത്സരിച്ച പാർട്ടിയിലെ മറ്റൊരംഗമായ ഫിലിപ് ഇരട്ടയാനിക്കൽ അച്ചടക്ക നടപടി നേരിടുകയാണ്. ഫിലിപിന്റെ നിലപാടും നിർണ്ണായകമാണ്.അദ്ദേഹത്തെ പാർട്ടിയുടെ ചുമതലയിൽ നിന്നു മാറ്റുക മാത്രമാണ് ഉണ്ടായതെന്നും പാർട്ടി നൽകുന്ന വിപ്പ് അനുസരിക്കാൻ ഫിലിപ്പ് ബാധ്യസ്‌ഥനാണെന്നും നേതൃത്വം വിശദമാക്കുന്നു.അതേസമയം പ്രസിഡന്റിനെ നിശ്ചയിക്കുന്നതിനു യുഡിഎഫ് അംഗങ്ങളുടെ അഭിപ്രായംനേരിട്ട് തേടുന്നതിനാണു ഡിസിസി തീരുമാനം.