Back To Top

September 7, 2024

പ്രായാധിക്യത്തെ കടത്തിവെട്ടി 74 ആം വയസ്സിൽ ബി കോം ഓണേഴ്സ് പഠനത്തിന് റെഗുലർ കോളേജിൽ അഡ്മിഷൻ നേടി പി.എം.തങ്കമ്മ ചരിത്രം കുറിച്ചു

By

ഇലഞ്ഞി : പ്രായാധിക്യത്തെ കടത്തിവെട്ടി 74 ആം വയസ്സിൽ ബി കോം ഓണേഴ്സ് പഠനത്തിന് റെഗുലർ കോളേജിൽ അഡ്മിഷൻ നേടി പി.എം.തങ്കമ്മ ചരിത്രം കുറിച്ചു. എം.ജി. യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ക്യാപ് മുഖാന്തരം ആണ് തങ്കമ്മ അഡ്മിഷൻ നേടിയത്.

 

ചെറുപ്പകാലത്ത് തനിക്ക് നിഷേധിക്കപ്പെട്ട വിദ്യാഭ്യാസം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് ഈ പടി കയറ്റം.

 

1951ൽ രാമപുരം പഞ്ചായത്തിലെ വെള്ളിലാപ്പള്ളി വില്ലേജിലാണ് ജനനം. കുട്ടിയായിരിക്കെ 8 ആം ക്ലാസ്സിൽ പഠനം നിർത്തേണ്ടി വന്നു. 1968 ൽ ഇലഞ്ഞിയിൽ വിവാഹം. മക്കൾ രണ്ടുപേരും വിവാഹിതരാണ്.

 

തൊഴിലുറപ്പ് പദ്ധതിയിൽ അംഗമായ ചേടത്തിക്ക് മേറ്റ് സ്ഥാനം ലഭിക്കാൻ പത്താംക്ലാസ് യോഗ്യത വേണമെന്ന അറിവാണ് സാക്ഷരതാ മിഷൻ പത്താം ക്ലാസ് പരീക്ഷ എഴുതി 74% മാർക്കോടെ വിജയിക്കാൻ കാരണമായത്.

തുടർ പഠനം വീണ്ടും മുടങ്ങിയ സ്ഥിതിയായി. ഇതിനിടെ കെപിഎംഎസ്‌ സംഘടന, മരങ്ങോലി പള്ളിയിലെ പ്രവർത്തനങ്ങൾ, കുടുംബശ്രീ പ്രവർത്തനങ്ങൾ തുടങ്ങിയവ വീണ്ടും തുടർപഠനത്തിന് പ്രചോദനം നൽകി.

മരുമകൾക്ക് മുൻപേ തങ്കമ്മ പത്താംതരം പാസായി. എന്നാൽ മരുമകൾ പഠനം തുടർന്നതോടെ ചേട്ടത്തിക്ക് വാശിയേറി. വീണ്ടും പഠിക്കാൻ തീരുമാനിച്ചു. ഇതിനിടെ വിദ്യാരംഭങ്ങൾക്ക് നാട്ടിലെ ഈ വിദ്യാസമ്പന്നയായ മുത്തശ്ശി നിരവധി കുട്ടികളെ എഴുത്തിനിരുത്തി.

2024 സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷയുടെ ഹ്യൂമാനിറ്റീസ് വിഷയത്തിൽ 78% ശതമാനം മാർക്കോടെ പ്ലസ് ടു പാസായി. ഈ അവസരത്തിലാണ് വിസാറ്റ് ആർട്സ് & സയൻസ് കോളേജ് അധികൃതർ പി.എം.തങ്കമ്മ ഡിഗ്രി ഓണേഴ്സ് പഠനത്തിനുള്ള അവസരം ഒരുക്കിയത്.

 

ഇതിനായി എംജി യൂണിവേഴ്സിറ്റി അഡ്മിഷൻ പോർട്ടലിലെ ഡിഫോൾട്ട് ഇയർ സിസ്റ്റം തന്നെ പുതുക്കി നൽകി. ഉത്സാഹത്തോടെ വിസാറ്റ് കോളേജിൽ ബികോം ഓണേഴ്സ് പഠനം ആരംഭിച്ചു.

പുതുപുത്തൻ യൂണിഫോം അണിഞ്ഞ് അല്പം ഗർവോടെ, തികഞ്ഞ മത്സരബുദ്ധിയോടെ തങ്കമ്മേടെത്തി ക്ലാസുകളിൽ ഇരിക്കുന്നു, പഠിക്കുന്നു ഒപ്പം കുടുംബശ്രീ പ്രവർത്തകയായും തൊഴിലുറപ്പ് മേറ്റായും പ്രവർത്തിക്കുന്നു.

 

വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. രാജുമോൻ ടി മാവുങ്കൽ, എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.കെ.ജെ.അനൂപ് ,പബ്ലിക് റിലേഷൻ ഓഫീസർ ആറ്റുപുറം എന്നിവരുടെ പിന്തുണയിലാണ് തങ്കമ്മക്ക് പഠനം പുനരാരംഭിക്കാൻ ആയത്.

 

ഫോട്ടോ : വിസാറ്റ് കോളേജിലെ വിദ്യാർത്ഥികൾക്കൊപ്പം കോളേജ് യൂണിഫോമിൽ 74 കാരിയായ തങ്കമ്മ.

Prev Post

പുതുവേലി കാഞ്ഞിരമല റൂട്ടിൽ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീ പിടിച്ചു

Next Post

പിറവം നഗരസഭയിൽ ആർഭാടങ്ങളില്ലാതെ അത്തച്ചമയ സായാഹ്ന സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിച്ചു.

post-bars