കുപ്രസിദ്ധ മോഷ്ടാവ് അഭിലാഷ് കൂത്താട്ടുകുളം പോലീസ് പിടിയിൽ.
കൂത്താട്ടുകുളം : കുപ്രസിദ്ധ മോഷ്ടാവ് അഭിലാഷ് കൂത്താട്ടുകുളം പോലീസ് പിടിയിൽ.
വാഹനമോഷണ കേസിന്റെ അന്വേഷണത്തിനിടയാണ് അഭിലാഷ് കൂത്താട്ടുകുളം പോലീസ് പിടിയിലായത്.
വാഹനമോഷണം, പിടിച്ചുപറി ഉൾപ്പെടെ സംസ്ഥാനത്ത് വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളിലെ പ്രതിയായ ചൂണ്ടിച്ചേരി വരിക്കപ്പൊതിയിൽ വി.റ്റി.അഭിലാഷ് 52 നെ ആണ് വാഹനമോഷണ കേസിൽ കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 29ന് കൂത്താട്ടുകുളം കെഎസ്ആർടിസി സബ് ഡിപ്പോയ്ക്ക് സമീപത്തെ ഗ്രൗണ്ടിൽ വച്ചിരുന്ന പുറപ്പുഴ കണ്ടത്തിൽ സച്ചിൻ സണ്ണിയുടെ ആക്ടീവ സ്കൂട്ടർ മോഷണം പോയ കേസിന്റെ അന്വേഷണത്തിനിടയാണ് ആലുവയിൽ നിന്നും ഇയാളെ പോലീസ് പിടികൂടിയത്.
പോലീസിന്റെ തുടർച്ചയായ അന്വേഷണത്തിനിടയിൽ തിരുവാങ്കുളത്തു നിന്നും ലഭിച്ച എഐ ക്യാമറ ദൃശ്യങ്ങളാണ് പ്രതിയിലേക്ക് എത്താൻ പോലീസിന് സഹായകരമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഗുരുവായൂരിനടുത്ത് മുണ്ടൂരിൽ പ്രതിയുടെ താമസസ്ഥലത്തിന് സമീപത്തെ വെയിറ്റിംഗ് ഷെഡിൽ
ഒളിപ്പിച്ച നിലയിലായിരുന്നു വാഹനം. പാചക തൊഴിലാളിയായി ജോലി ചെയ്തുവരുന്ന ഇയാളുടെ കയ്യിൽ നിന്നും അഞ്ചോളം സിം കാർഡുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മോഷണങ്ങൾക്ക് ശേഷം ഉപയോഗിച്ച സിം കാർഡ് ഉപേക്ഷിക്കുകയാണ് പതിവ് എന്ന് പ്രതി പോലീസിനോട് പറഞ്ഞു.
കൂത്താട്ടുകുളം സ്റ്റേഷൻ ഇൻസ്പെക്ടർ വിൻസൺ ജോസഫിന്റെ മേൽനോട്ടത്തിൽ എസ് ഐ മാരായ പി.വി.ശാന്തകുമാർ, ഷിബു വർഗീസ്, എ എസ് ഐ കെ.വി.അഭിലാഷ് എന്നിർ അടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അതിവിദഗ്ധമായി പിടികൂടിയത്. അറസ്റ്റിൽ ആയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഫോട്ടോ :