ഹൈടെക്കായി പിറവം നഗരസഭ ഹരിതകര്‍മ്മ സേന.
പിറവം: പിറവം നഗരസഭയിലെ ഹരിതകര്‍മ്മ സേനയുടെ കണ്‍സോര്‍ഷ്യം അക്കൗണ്ട് വഴിയുള്ള യൂസര്‍ ഫീ കളക്ഷന്‍, ഇതര സേവനങ്ങള്‍ എന്നിവയെല്ലാം പൂര്‍ണ്ണമായി ഡിജിറ്റലായി. ജില്ലയിൽ ഹരിതകർമ്മസേന ഡിജിറ്റലായ ആദ്യ നഗരസഭയാണ് പിറവം നഗരസഭ. ഹരിതകർമ്മസേന ഡിജിറ്റലൈസേഷൻ നഗരസഭ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.പി സലിം അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ഷൈനി ഏലിയാസ്, അഡ്വ.ബിമൽ ചന്ദ്രൻ, കൗൺസിലർമാരായ ഡോ.അജേഷ് മനോഹർ, പി.ഗിരീഷ്കുമാർ, മോളി വലിയകട്ടയിൽ, ജോജിമോൻ ചാരുപ്ലാവിൽ, നഗരസഭ സെക്രട്ടറി വി.പ്രകാശ് കുമാർ, സൂപ്രണ്ട് പി.സുലഭ, ക്ലീൻ സിറ്റി മാനേജർ സി.എ നാസർ, ഐസി.ഐസി.ഐ റീജിയണൽ മാനേജർ എന്നിവർ പങ്കെടുത്തു. ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ ക്യു ആർ കോഡ് മുഖേനയും, എസ്.എം.എസ്. വഴി ലഭിക്കുന്ന ലിങ്ക് ഉപയോഗപ്പെടുത്തിയും ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ്, ഗൂഗിള്‍ പേ, ഫോണ്‍പേ,പേ.ടി.എം എന്നീ സംവിധാനങ്ങള്‍ വഴി പണമടക്കാം. ഐ.സി.ഐ.സി ബാങ്കുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഹരിത കര്‍മ്മ സേനക്ക് പണമടക്കേണ്ടത് (യൂസര്‍ ഫീ) സംബന്ധിച്ച മെസ്സേജ് ഐ.സി.സി.റ്റി. യാണ് അയക്കുന്നത്. എല്ലാ മാസവും കൃത്യമായി നിശ്ചിത സമയത്തിനുള്ളിൽ പണമടക്കുന്നതിന് മെസ്സേജ് വരുന്നതാണ്. എല്ലാവര്ക്കും ഏറെ ഉപകാരപ്രദമാവുന്ന ഈ പദ്ധതി വഴി വിദേശത്തുളളവര്‍ക്കും ജോലിക്ക് പോകുന്നവര്‍ക്കും പ്രായമായവര്‍ക്കും ലിങ്ക് വഴി പണമടക്കാവുന്നതാണ്.