പിറവം നിയോജകമണ്ഡലത്തിലെ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനം – അവലോകന യോഗം ചേർന്നു.
പിറവം : പിറവം നിയോജകമണ്ഡലത്തിലെ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് അനൂപ് ജേക്കബ് എം.എൽ.എ-യുടെ അധ്യക്ഷതയിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം പിറവം വാട്ടര്‍ അതോറിറ്റി ഐ.ബിയില്‍ ചേര്‍ന്നു. പിറവം താലൂക്ക് ആശുപത്രിയിൽ നിലവിലുള്ള അത്യാഹിത ബ്ലോക്കിൽ നിന്ന് ഒ.പി ബ്ലോക്കിലേക്ക് പോകുന്നതിന് ഒന്നാം നിലയിൽ നിന്ന് നടപ്പാലം നിർമ്മിക്കും. പാമ്പാക്കുട ആശുപത്രിയിൽ നിലവിൽ 27 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. സ്ട്രെക്ച്ചർ ബലപ്പെടുത്തിയും ടൈൽ വിരിക്കുകയും ഉൾപ്പെടെയുള്ള പ്രവർത്തികളാണ് ഇതിൽ നടന്നു വരുന്നത്.പാമ്പാക്കുട ഗവൺമെന്റ് ആശുപത്രിയുടെ പുതിയ ഒ.പി ബ്ലോക്കിന് വേണ്ടി 5 കോടി രൂപയുടെ പ്രൊപ്പോസലിനു വേണ്ടിയുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി ഉടൻ സർക്കാരിലേക്ക് സമർപ്പിക്കും. രാമമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ മാമലശ്ശേരിയിലും ഊരമനയിലും സബ് സെന്ററുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാവുകയാണ്. കീച്ചേരി ആശുപത്രിയുടെ കീഴിൽ കാഞ്ഞിരമറ്റം സബ് സെന്ററിന്റെ നിർമ്മാണവും അന്തിമഘട്ടത്തിലാണ്. കൂത്താട്ടുകുളം ആരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ ഇടയാർ, മംഗലത്ത്താഴം ഉൾപ്പെടെയുള്ള സബ് സെന്ററുകളുടെ നിർമ്മാണം പൂർത്തിയായി വരുന്നു. എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച രണ്ടുകോടിയുടെ ഐസൊലേഷൻ വാർഡുകളുടെ നിർമ്മാണം പൂർത്തിയായി. മണീട് ആരോഗ്യകേന്ദ്രത്തിൽ കീഴിൽ ചീരക്കാട്ടുപാറയിൽ പുതിയ സബ് സെന്ററിന്റെ നിർമ്മാണം നടന്നു വരുന്നു. കെട്ടിട നിർമ്മാണത്തിനായി ഒരു കോടി രൂപയുടെ സി.എസ്.ആർ ഫണ്ടിനായി അപേക്ഷ നൽകിയിട്ടുണ്ട്. മുളന്തുരുത്തി ആരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള പുളിക്കമാലി സബ് സെന്റർ നിർമ്മാണം പൂർത്തിയായി വരുന്നു. തിരുമാറാടി ആരോഗ്യ കേന്ദ്രത്തിന് എം.എൽ.എ ഫണ്ടിൽ നിന്ന് 72 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇലഞ്ഞി ആരോഗ്യ കേന്ദ്രത്തിന് എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച കെട്ടിടം പൂർത്തിയാക്കുകയും, മുത്തോലപുരം സബ് സെന്ററിന്റെ നിർമ്മാണ പ്രവർത്തനം നടന്നു വരികയും ചെയ്യുന്നു. തിരുവാങ്കുളം, തൊട്ടൂർ, ചോറ്റാനിക്കര, ആരക്കുന്നം എന്നിവയുടെ കീഴിലുള്ള സബ് സെന്ററുകളുടെ നിർമ്മാണ പുരോഗതി വിലയിരുത്തി. തിരുവാങ്കുളത്ത് പുതിയ കെട്ടിടത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കാൻ എം.എൽ.എ നിർദ്ദേശം നൽകി. പുതിയ കെട്ടിടങ്ങൾക്കുള്ള എസ്റ്റിമേറ്റ് വേഗത്തില്‍ തയ്യാറാക്കണമെന്നും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നിർമ്മാണ
പ്രവർത്തനങ്ങൾ വേഗതയിൽ പൂർത്തീകരിക്കണമെന്നും അനൂപ് ജേക്കബ് എം.എൽ.എ നിർദ്ദേശം നൽകി.