ഗവൺമെന്റ് പദ്ധതികളെക്കുറിച്ചുള്ള ബോധവത്ക്കരണ പരിപാടി പാമ്പാക്കുടയിൽ
പിറവം : കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ എറണാകുളം ഫീൽഡ് ഓഫീസ് സംഘടിപ്പിക്കുന്ന കേന്ദ്ര ഗവൺമെന്റ് പദ്ധതികളെക്കുറിച്ചുള്ള ദ്വിദിന ബോധവത്കരണ പരിപാടി സെപ്റ്റംബർ 26, 27 തീയതികളിൽ എറണാകുളം പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത്, ഐ.സി.ഡി.എസ് പ്രോജക്റ്റ് പാമ്പാക്കുട എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. 26 ന് രാവിലെ 10 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ് പരിപാടി ഉദ്ഘാടനം ചെയ്യും.
കേന്ദ്ര ഗവൺമെന്റിന്റെ സാമൂഹിക സാമ്പത്തിക സുരക്ഷാ പദ്ധതികൾ, പോഷൺ അഭിയാൻ, സ്വയം തൊഴിൽ സംരംഭ സാധ്യതകളും ഗവൺമെന്റ് പദ്ധതികളും, ഭാരതീയ ന്യായ സംഹിത, ശുചിത്വ ഭാരതം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ നയിക്കുന്ന ക്ലാസുകൾ, കാർഗിൽ യുദ്ധവിജയത്തിന്റെ രജതജൂബിലി വർഷത്തിൽ ധീര ജവാൻമാരുടെ ത്യാഗസ്മരണയുണർത്തുന്ന ചിത്രപ്രദർശനം, വിവിധ ഗവൺമെന്റ് ഡിപ്പാർട്ട്മെന്റുകളുടെ പ്രദർശന സ്റ്റാളുകൾ, തപാൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആധാർ വിവരങ്ങൾ പുതുക്കുന്നതിനുള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. ആയുഷ് വകുപ്പിന്റെ സൗജന്യ ആയുർവേദ, ഹോമിയോ മെഡിക്കൽ ക്യാമ്പുകൾ രണ്ടു ദിവസങ്ങളിലുമുണ്ടാകും.