ആരക്കുന്നം ടോക് എച്ചിൽ ത്രിദിന വാണി ശിൽപ്പശാല നടത്തി.
പിറവം : ആരക്കുന്നം ടോക് എച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം വാണി സ്കീമിനു കീഴിൽ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്ക്നിക്കൽ എഡ്യൂക്കേഷൻ സ്പോൺസർ ചെയ്യുന്ന ‘സ്മാർട്ട് മാനുഫാക്ച്ചറിങ് അൺലീഷിംഗ് ദി പവർ ഓഫ് ഇൻഡസ്ട്രി 4.0 വിത്ത് ഇന്റർനെറ്റ് ഓഫ് തിങ്സ് എസ്സെൻഷ്യൽസ്’ എന്ന വിഷയത്തിൽ ത്രിദിന ശിൽപ്പശാല നടത്തി. പ്രാദേശിക ഭാഷയായ മലയാളത്തിൽ സാങ്കേതിക
വിദ്യാഭ്യാസത്തിന്റെ വിവിധ നൂതന പഠന മേഖലകൾ ചർച്ച
ചെയ്യുക എന്നതായിരുന്നു ശില്പശാലയുടെ ലക്ഷ്യം. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ പ്രൊഫസറും കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം മേധാവിയുമായ ഡോ. ജൂഡി എം.വി. ശിൽപശാല ഉദ്ഘാടനം ചെയ്തു. ടോക് എച്ച് സ്ഥാപനങ്ങളുടെ സെക്രട്ടറി മധു ചെറിയാൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. പ്രീതി തെക്കെത്ത്, കമ്പ്യൂട്ടർ വിഭാഗം മേധാവി ഡോ.ശ്രീല ശ്രീധർ,ശില്പശാല കോർഡിനേറ്റർ ഡോ. സൈറ വർഗ്ഗീസ് എന്നിവർ ആശംസകൾ നേർന്നു.നൂതന സാങ്കേതിക മേഖലയായ ഇൻഡസ്ട്രി 4.0 യുടെ പരിണാമത്തിൽ IoT യുടെ നിർണായകപങ്ക് എടുത്തു കാണിക്കുന്നതായിരുന്നു ഈ ശില്പശാലയിലെ വിവിധ പ്രായോഗിക പരിശീലന ക്ലാസുകൾ. ദേശിയ അന്തർദേശിയ നിലവാരത്തിലുള്ള വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ടെക്നോളജി കമ്പനികളിലെയും പ്രമുഖർ ശില്പശാലക്ക് നേതൃത്വം നൽകി. വിവിധ സ്ഥാപനങ്ങളിൽ നിന്നും ഇൻഡസ്ട്രികളിൽ നിന്നും 70 ഓളം പഠിതാക്കൾ ഈ ശില്പശാലയിൽ പങ്കെടുത്തു.