എംസി റോഡില്‍ കെഎസ്‌ആർടിസി ബസ് ഉള്‍പ്പെടെ ആറു വാഹനങ്ങള്‍ കൂട്ടിയിടിച്ച് 35 പേർക്ക് പരിക്ക്.
കൂത്താട്ടുകുളം > എംസി റോഡില്‍ കെഎസ്‌ആർടിസി ബസ് ഉള്‍പ്പെടെ ആറു വാഹനങ്ങള്‍ കൂട്ടിയിടിച്ച് 35 പേർക്ക് പരിക്ക്.തിങ്കള്‍ വൈകിട്ട് 3.45 ഓടെ കൂത്താട്ടുകുളം വി സിനിമയ്ക്ക് സമീപമാണ് അപകടം. കോട്ടയം ഭാഗത്തുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്കുപോയ വാഹനങ്ങളാണ് ഒന്നിനുപിറകെ ഒന്നായി ഇടിച്ചത്. മുന്നില്‍പ്പോയ ജീപ്പ് പെട്ടെന്നുനിർത്തിയതോടെ പിന്നില്‍ പിക്കപ് ജീപ്പ് ഇടിച്ചു. ഇതിനുപിന്നില്‍ പാലക്കാട് നെന്മാറ കോ–-ഓപ്പറേറ്റീവ് സൈസൈറ്റിയുടെ ട്രാവലർ, സിബിഎം കമ്ബനിയുടെ ടിപ്പർ ലോറി, കെഎസ്‌ആർടിസി സ്വിഫ്റ്റ് എന്നിവ ഇടിച്ചുകയറി.
ബസിനുപിറകില്‍ മറ്റൊരു കാറും ഇടിച്ചു. കാറിലുണ്ടായിരുന്ന പാമ്ബാടി ഇടത്തനാട് ബോബിന വർഗിസിന് ഗുരുതരപരിക്കേറ്റു. ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബസിന്റെ മുൻഭാഗം തകർന്നു. കമ്ബിയില്‍ മുഖമിടിച്ചുംമറ്റും പരിക്കേറ്റ ഇരുപതോളം ബസ് യാത്രികരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രാവലറിലുണ്ടായിരുന്നവർക്കും പരിക്കേറ്റു.