കൂത്താട്ടുകുളം – പാലാ റോഡിന്റെ തകരാർ പരിശോധിക്കുന്നതിനായി പ്രത്യേക സംഗമെത്തി.
കൂത്താട്ടുകുളം : കൂത്താട്ടുകുളം – പാലാ റോഡിന്റെ തകരാർ പരിശോധിക്കുന്നതിനായി പ്രത്യേക സംഗമെത്തി. കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ജോയിന്റ് ഡയറക്ടർ ജി.എച്ച്. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്.
കോടികൾ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച റോഡ് ഉദ്ഘാടനത്തിനു ശേഷം എട്ടാം ദിവസം തകരുകയായിരുന്നു. തുടർന്ന് നിരവധി തവണ റോഡ് റീടാറിംഗ് ചെയ്തെങ്കിലും ദിവസങ്ങൾ കഴിയുന്നതിനുമുമ്പ് ടാറിംഗ് ഇളകി പോകുന്ന സ്ഥിതിയായിരുന്നു. ഈ സാഹചര്യത്തിൽ പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും പരാതിയെ തുടർന്ന് പിഡബ്ല്യുഡി ചീഫ് എൻജിനീയറുടെ നിർദ്ദേശം അനുസരിച്ചാണ് പരിശോധന സംഘം എത്തിയത്.
മീഡിയ കവല മുതൽ മംഗലത്തുതാഴം കവല വരെയുള്ള റോഡ് ഉദ്യോഗസ്ഥ സംഘം നടന്ന പരിശോധിക്കുകയും തകരാർ അനുഭവപ്പെട്ട ഭാഗങ്ങളിലെ റോഡിൽ മാർക്ക് ചെയ്യുകയും ചെയ്തു. തുടർന്ന് കോർ കട്ടർ, സോ കട്ടർ എന്നീ ഉപകരണങ്ങളുടെ സഹായത്തോടെ റോഡിന്റെ പ്രതലം തുരന്ന് സാമ്പിളുകൾ ശേഖരിച്ചു.
പരിശോധനയുടെ ഭാഗമായി പഴയ മൃഗാശുപത്രിക്ക് സമീപം റോഡിന് കുറുകെ സോ കട്ടർ ഉപയോഗിച്ച് ടാറിംഗ് മുറിക്കുകയും പിന്നീട് ജെസിബിയുടെ സഹായത്തോടെ ഈ ഭാഗത്തെ ടാറിംഗ് പൂർണ്ണമായി ഇളക്കിമാറ്റിയ ശേഷം റോഡിന്റെ അടി പ്രതലം മുതൽ മുകൾ ഭാഗം വരെ പരിശോധനയ്ക്ക് വിധേയമാക്കി. ഈ ഭാഗത്തെ സാമ്പിളുകൾ ശേഖരിക്കുന്നതിനൊപ്പം തന്നെ പരിശോധന സംഘം പ്രതലത്തിന്റെ ചിത്രവും പകർത്തി.
ആദ്യ ദിവസത്തെ പരിശോധന ഇന്നലെ വൈകുന്നേരത്തോടെ അവസാനിപ്പിച്ചു. ഇന്ന് തുടർന്നുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പരിശോധന സംഘത്തിനൊപ്പം
പിഡബ്ല്യുഡി റോഡ്സ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജൂലിൻ ജോസ്, കൂത്താട്ടുകുളം പിഡബ്ല്യുഡി ഓഫീസിൽ ഉദ്യോഗസ്ഥർ എന്നിവരും ഉണ്ടായിരുന്നു.
ഫോട്ടോ : കൂത്താട്ടുകുളം പാലാ റോഡിൽ കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ജോയിന്റ് ഡയറക്ടർ ജി.എച്ച്. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തുന്നു.