എഇഒ ഓഫീസ് നഗരത്തില്‍ നിലനിർത്താൻ നടപടിയെടുക്കണമെന്ന് എസ്‌എഫ്‌ഐ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
കൂത്താട്ടുകുളം : എഇഒ ഓഫീസ് നഗരത്തില്‍ നിലനിർത്താൻ നടപടിയെടുക്കണമെന്ന് എസ്‌എഫ്‌ഐ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.ഏരിയ പ്രസിഡന്‍റ് വിജയ് രഘു, സെക്രട്ടറി റില്‍ജോ വർഗീസ് ജോയിന്‍റ് സെക്രട്ടറി ആകാശ് പ്രസാദ് എന്നിവർ നഗരസഭയ്ക്ക് നിവേദനം നല്‍കി.
വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് നിവേദനം ഏറ്റുവാങ്ങി. സിജെ സ്മാരക വായനശാല മന്ദിരത്തിനടുത്തുള്ള നഗരസഭാ കെട്ടിടത്തിന്‍റെ ഒന്നാം നിലയിലാണ് ഓഫീസ് വാടകയ്ക്ക് പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് ഓഫീസുകളില്‍ വാടകയ്ക്ക് പ്രവർത്തിക്കുന്നവ കണ്ടെത്താനും ഉടൻ വാടക രഹിതമായ കെട്ടിടത്തിലേക്ക് മാറ്റാനും സംസ്ഥാനതലത്തില്‍ തീരുമാനിച്ചിരുന്നു
. നഗരത്തിനു പുറത്ത് വിദ്യാഭ്യാസ വകുപ്പിന്‍റെയും പഞ്ചായത്തുകളുടെയും നിരവധി കെട്ടിടങ്ങള്‍ ഒഴിവുണ്ട്. ഇവയിലൊന്നിലേക്ക് മാറാൻ എഇഒ ശ്രമം ആരംഭിച്ചിരുന്നു. അത്തരത്തില്‍ മാറ്റം ഉണ്ടായാല്‍ പാലക്കുഴ ഇലഞ്ഞി, മാറാടി, തിരുമാറാടി പഞ്ചായത്തു പ്രദേശങ്ങളിലെയും കൂത്താട്ടുകുളം നഗരസഭയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇത് പ്രയാസകരമാകും.
ഈ സാഹചര്യത്തില്‍ വർഷങ്ങളായി കൂത്താട്ടുകുളത്ത് പ്രവർത്തിച്ചുവരുന്ന ഓഫീസ് നഷ്ടപ്പെടാതെ നിലനിർത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് എസ്‌എഫ്‌ഐയുടെ ആവശ്യം.