സി.ടി. സുകുമാരൻ മൂല്യങ്ങൾ കാത്ത് സൂക്ഷിച്ച ജനകീയ കളക്‌ടർ.
പിറവം : സിവിൽ സർവീസ് ജീവിതത്തിൽ സമഭാവനയോടെ ജനങ്ങളെ കാണാൻ പഠിപ്പിച്ച അക്ഷോഭ്യനായ മഹാ ഗുരുവായിരുന്നു ഐ എഎസ് ഓഫിസറായിരുന്ന സി.ടി. സുകുമാരനെന്ന് മുൻ ചീഫ് സെക്രട്ടറിയും ഐഎംജി ഡയറക്ടറുമായ കെ.ജയകുമാർ.
മുളന്തുരുത്തിയിൽ നിന്നുള്ള പ്രഥമ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ സി. ടി. സുകുമാരൻ്റെ സ്മരണാർത്ഥം മുളന്തുരുത്തി പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച സി.ടി. സുകുമാരൻ സ്മാരക പുരസ്കാര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിവിൽ സർവീസ് പരിശീലനകാലത്ത് താൻ തൃശൂർ സബ് കലക്ടറായി എത്തുമ്പോൾ അവിടെ കലക്ടറായിരുന്നു സി.ടി. സുകുമാരൻ. എങ്ങനെയാണ് ഒരു കലക്‌ടർ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും മനുഷ്യരോട് എങ്ങനെയാണ് ഇടപെടേണ്ടതെന്നും തനിക്കു കാണിച്ചു തന്നതു അദ്ദേഹമായിരുന്നു. ഐഎഎസ് പരിശീലന കാലത്തെ സ്നേഹബന്ധത്തിനപ്പുറം ഔദ്യോഗിക ജീവിതത്തിലെ മുന്നോട്ടുള്ള യാത്രയിലാണ് അദ്ദേഹത്തിന്റെ മാർഗനിർദേശങ്ങളുടെ സ്വാധീനം തിരിച്ചറിഞ്ഞതെന്നും ജയകുമാർ പറഞ്ഞു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷാജി മാധവൻ അധ്യക്ഷത വഹിച്ചു. ഉയർന്ന വിജയം നേടിയ നിമിഷ ഷിനോബ്, വി.ശ്രേയ, എം.മാളവിക, തേജസ്വിനി ദിനേശ് എന്നിവർക്കു സി.ടി.സുകുമാരൻ എക്‌സലൻസ് അവാർഡും ഫുൾ എ പ്ലസ് നേടിയ 36 വിദ്യാർഥികൾക്കു സി.ടി.സുകുമാരൻ സ്മാരക വിദ്യാഭ്യാസ പുരസ്‌കാരങ്ങളും സമ്മാനിച്ചു. മുൻ എഡിഎം സി.കെ.പ്രകാശ്, പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ബെന്നി,താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.കെ.ദാസ്, പഞ്ചായത്ത് സ്‌ഥിരസമിതി അധ്യക്ഷ ബിനി ഷാജി, പഞ്ചായത്ത് മുൻ പ്രസിഡൻ്റ് റെഞ്ചി കുര്യൻ, , ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ജി.ഉല്ലാസ്, ഹെഡ്‌മിസ്ട്രസ് മിനി പി. ജേക്കബ്, ലൈബ്രറി പ്രസിഡൻ്റ് സജി മുളന്തുരുത്തി, സെക്രട്ടറി കെ.കെ. സണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.