കനത്ത മഴയിൽ കുറിഞ്ഞി-പുത്തൻകുരിശ് റോഡിൽ റോഡിൽ വെള്ളക്കെട്ട് രൂക്ഷമായി
കോലഞ്ചേരി: കനത്ത മഴയിൽ കുറിഞ്ഞി-പുത്തൻകുരിശ് റോഡിൽ റോഡിൽ വെള്ളക്കെട്ട് രൂക്ഷമായി.കവലയിൽ നിന്നും നൂറ് മീറ്റർ മാറി നിരപ്പായ സ്ഥലത്താണ് വെള്ളം കെട്ടി നിൽക്കുന്നത്. റോഡിലെ രണ്ട് ഭാഗത്തുനിന്നും ഒഴുകിയെത്തുന്ന വെള്ളം സമീപത്തുള്ള വീടിന്റെ മുറ്റത്തേക്ക് കുത്തിയൊഴുകയാണ്. റോഡിനോട് ചേർന്നുള്ള രണ്ടേകാൽ ഏക്കർ സ്ഥലം നികത്തി ഹൗസ് പ്ലോട്ടുകളാക്കിയതിന് ശേഷമാണ് വെള്ളക്കെട്ട് ഉണ്ടായത്. ഇവിടെ നേരത്തെ ഉണ്ടായിരുന്ന ചപ്പാത്ത് ഇല്ലാതാക്കുകയും, വെള്ളം ഒഴുകിപ്പോയിരുന്ന ഓടയും, കാനയും ഹൗസ് പ്ലോട്ട് ഉടമ അടച്ച് കളയുകയും ചെയ്തതാണ് വെള്ളം കെട്ടി നിൽക്കാൻ കാരണമെന്നും നാട്ടുകാർ പരാതിപ്പെട്ടിരുന്നു. സ്ഥലം പ്ലോട്ട് തിരിക്കുന്നസമയത്ത് ഓട അടക്കരുതെന്ന് നാട്ടുകാർ ആവശ്യപ്പെട്ടപ്പോൾ സ്ഥല ഉടമ ഓടയും, കാനയും അടക്കില്ലെന്ന് ഉറപ്പ് നൽകിയെങ്കിലും, അത് പാലിക്കാതെ മണ്ണിട്ട് നികത്തി മതിൽ കെട്ടുകയാണ് ചെയ്തത്. റോഡിൽ നിന്നും താഴ്ന്ന് കിടക്കുന്ന സമീപത്തെ വീടിന്റെ മുറ്റത്തേക്ക് വെള്ളം കുത്തിയെഴുകുന്നതിൽ വീട്ടുകാർ ആശങ്കയിലാണ്. പൊതുമരാമത്ത് അധികൃതരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് വീട്ടുകാർ പരാതിപ്പെട്ടു.