ബ്ലാന്തേവർ പാടശേഖരത്തിൻ്റെ പെരുമ വീണ്ടെടുക്കാൻ 1.35 കോടി*
കോലഞ്ചേരി: ബ്ലാന്തേവർ പാടശേഖരത്തിന് ശാപമോക്ഷമാകുന്നു. മഴുവന്നൂർ പഞ്ചായത്തിലെ 16, 17 വാർഡുകളിൽപെടുന്ന 150 ഏക്കർ വരുന്ന ബ്ലാന്തേവർ പാടശേഖരമാണ് കൃഷിപെരുമ വീണ്ടെടുക്കാനൊരുങ്ങുന്നത്.ഇതിനായി പി.വി.ശ്രീനിജിൻ എം.എൽ.എ.യുടെ ഇടപെടലിനെ തുടർന്ന് സംസ്ഥാന സർക്കാർ ഒരു കോടി 15 ലക്ഷം രൂപ അനുവദിച്ചു. നീർത്തട വികസനപദ്ധതിയിൽ പെടുത്തിയാണ് ഫണ്ട് അനുവദിച്ചത്.ഇതിൻ്റെ ഭാഗമായി പാടശേഖരത്തിലെ തോട് സംരക്ഷണം, നീർചാലുകളുടെ സംരക്ഷണം, നീരൊഴുക്ക് സുഗമമാക്കൽ, കൃഷി പുഷ്ടിപെടുത്തൽ, മണ്ണൊലിപ്പ് തടയൽ മഴക്കുഴികളുടെ നിർമ്മാണം തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളാണ് നടപ്പാക്കുന്നത്. മൂന്ന് പൂ കൃഷി ചെയ്തിരുന്ന പാടശേഖരം അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം വർഷങ്ങളായി കൃഷിയിറക്കിയിരുന്നില്ല. ഇതിനെ തുടർന്ന് വാർഡ് മെമ്പർ കൂടിയായ എൽ.ഡിഎഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തിയുടെ നേതൃത്വത്തിൽ പി.വി.ശ്രീനിജിൻ എം.എൽ.എക്ക് നിവേദനം നൽകിയിരുന്നു.ഇതിനെ തുടർന്ന് എം.എൽ.എ കൃഷി വകുപ്പുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകൾക്കൊടുവിലാണ് ഫണ്ട് അനുവദിച്ചത്.നടപടി ക്രമങ്ങൾ പൂർത്തിയാക്കി എത്രയും വേഗം പ്രവർത്തനങ്ങളാരംഭിക്കുമെന്ന് പി.വി.ശ്രീനിജിൻ എം.എൽ.എ.പറഞ്ഞു.
Get Outlook for Android