നവകേരള സദസ്സിനൊരുങ്ങി കുന്നത്തുനാട് മണ്ഡലം .
കോലഞ്ചേരി : മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കുന്നത്തുനാട മണ്ഡലം നവകേരള സദസിന് ഒരുക്കങ്ങൾ പൂർത്തിയായ തായി സംഘാടകസമിതി ചെയർമാൻ അഡ്വ. പി.വി.ശ്രീനിജിൻ എം.എൽ.എ, ജനറൽ കൺവീനറും കുടുംബശ്രീ ജില്ലാ കോർഡിനേറ്ററുമായ ടി.എം.റജീന എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കോലഞ്ചേരി സെന്റ്റ് പീറ്റേഴ്സ് കോളജ് ഗ്രൗണ്ടിൽ ശനി വൈകിട്ട് അഞ്ചിനാണ് നവകേരള സദസ് നടക്കുന്നത്.
പൊതു ജനങ്ങൾക്ക് വികസന കാഴ്ചപ്പാടുകളും, നിർദ്ദേശങ്ങളും പങ്കു വക്കുവാനും പരാതികൾ നൽകാനും പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 2 മുതൽ കൗണ്ടറുകളിൽ നിവേദനങ്ങളും നിർദ്ദേശങ്ങളും നൽകാൻ സാധിക്കും. ടോക്കൺ നൽകുന്നതുൾപ്പെടെ 21 കൗണ്ടറുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഭിന്നശേഷിക്കാർക്കായി രണ്ടും, മുതിർന്ന പൗരന്മാർക്കായി നാലും, വനിതകൾക്കായി അഞ്ചും, പൊതുവിഭാഗങ്ങൾക്കായി ഒമ്പതും കൗണ്ടറുകൾ മൈതാനിയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ പ്രവർത്തിക്കും. ഭിന്നശേഷിക്കാർക്ക് റാമ്പുൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 10,000 പേർക്ക് പങ്കെടുക്കാൻ കഴിയുന്ന രീതിയിലാണ് സദസ് സജ്ജീകരിച്ചിട്ടുള്ളത്. പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരിക്കും പരിപാടികൾ. കുടിവെള്ളവും, ശുചിമുറി അടക്കമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സദസിന് മുന്നോടിയായി വൈകിട്ട് 4 മുതൽ അലോഷിയുടെ ഗസൽ സന്ധ്യ അരങ്ങേറും. സദസിന്റെ ഭാഗമായി മിനി മാരത്തോൺ, കുടുംബശ്രീ ഭക്ഷ്യ മേള, ഫ്ലാഷ് മോബ്, വികസന സെമിനാർ, വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം, വിളംബര റാലികൾ എന്നിവ സംഘടിപ്പിച്ചു. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും 185 ബൂത്തുകളിലും സംഘാടക സമിതി രൂപീകരിച്ചു. എഴുനൂറോളം വീട്ടുമുറ്റ സദസുകളും നടത്തി. മണ്ഡലത്തിലെ മുഴുവൻ വീടുകളിലും സന്ദർശനം നടത്തി. എല്ലാ ബൂത്തുകളിൽ നിന്നും പരിപാടിക്കായി വാഹനസൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്.
തിരുവാണിയൂർ, വടവുകോട് പുത്തൻകുരിശ് പഞ്ചായത്തുകളിൽ നിന്നുമെത്തുന്നവരെ ബ്ലോക്ക് കവലയിലും മഴുവന്നൂരിൽ നിന്നുളളവരെ കിഴക്കേപമ്പിന് സമീപവും പൂതൃക്ക പഞ്ചായത്തിൽ നിന്നുമെത്തുന്നവർ കക്കാട്ടുപാറ റോഡിലും ഇറക്കിയ ശേഷം കിടാച്ചിറ ഹിൽടോപ്പിൽ വാഹനം പാർക്ക് ചെയ്യണം. വാഴക്കുളം, കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട് പഞ്ചായത്തുകളിൽ നിന്നുളളവരെ സ്വകാര്യ ബസ്റ്റാന്റിന് സമീപം ഇറക്കിയ ശേഷം ഹിൽ ടോപ്പിൽ പാർക്ക് ചെയ്യണം.
കോലഞ്ചേരി മെഡിക്കൽ കോളേജ് മൈതാനി, പെരുമ്പാവൂർ റോഡിന് സമീപമുളള രണ്ട് മൈതാനവും പാർക്കിങ്ങിനായി ക്രമീകരിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ സി ബി ദേവദർശനൻ, സി കെ വർഗീസ്, ജോർജ് ഇടപ്പരത്തി, എം പി ജോസഫ്, റെജി ഇല്ലിക്ക പറമ്പിൽ, ബി ജയകുമാർ, എൻ വി കൃഷ്ണൻ കുട്ടി എന്നിവരും പങ്കെടുത്തു.