പാമ്പാക്കുടയിൽ ഹരിതശോഭയോടെ പരിസ്ഥിതി ദിനാചരണം
പിറവം : പാമ്പാക്കുട,ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നോർത്ത് പിറമാടം പാമ്പാക്കുട ഗവൺമെന്റ് യു.പി സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല ബാബു നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശിഷ് ജോൺ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ബെൽസി ബാബു പരിസ്ഥിതി ദിന സന്ദേശം നൽകി. ദിനാചരണത്തിന്റെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്. പഞ്ചായത്തിന് കീഴിലുള്ള വിവിധ സ്കൂളുകൾ, അംഗൻവാടികൾ, ആശുപത്രികൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വൃക്ഷത്തൈകൾ നടുകയും വ്യാപകമായി പരിസര ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
വിവിധയിടങ്ങളിൽ നടന്ന പരിപാടികൾക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്യാമള പ്രസാദ്, അൻസു പൗലോസ്, ജോമോൾ ജോയി, ഷീനമോൾ എം.പി, രമ സുരേഷ്, രാജൻ മാരിയിൽ, അല്ലി ദിനേശൻ, അനുമോൾ കെ.പി, സി.ബി. രാജീവ്, സിൻസി പൗലോസ്, അനന്ദപത്മനാഭൻ, ആതിര അജിത്ത് എന്നിവർ നേതൃത്വം നൽകി.
മെഡിക്കൽ ഓഫീസർ ഡോ. ആശ എസ്. രാജൻ, ഹെൽത്ത് സൂപ്പർവൈസർ ഷാ. കെ, ഹെൽത്ത് ഇൻസ്പെക്ടർ ആര്യ വിജയൻ , പ്രധാനാധ്യാപികമാരായ രഹന സെബാസ്റ്റ്യൻ, മിനി പി.ജെ. തുടങ്ങിയവരും പരിപാടികളിൽ സന്നിഹിതരായിരുന്നു.
ചിത്രം : പാമ്പാക്കുട,ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ പരിസ്ഥിതി ദിനാചരണം നോർത്ത് പിറമാടം പാമ്പാക്കുട ഗവൺമെന്റ് യു.പി സ്കൂളിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല ബാബു നിർവഹിക്കുന്നു
.
