Back To Top

May 10, 2026

കേരളത്തിലെ മുഖ്യമന്ത്രി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലെത്തിയ സംസ്ഥാന നേതാക്കളെ ഹൈക്കമാന്‍ഡ് കടുത്ത ഭാഷയില്‍ ശാസിച്ച്‌ നല്‍കിയത് അച്ചടക്കത്തിന്റെ അനിവാര്യത.

കേരളത്തിലെ മുഖ്യമന്ത്രി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലെത്തിയ സംസ്ഥാന നേതാക്കളെ ഹൈക്കമാന്‍ഡ് കടുത്ത ഭാഷയില്‍ ശാസിച്ച്‌ നല്‍കിയത് അച്ചടക്കത്തിന്റെ അനിവാര്യത.

ഡല്‍ഹി കേരളാ ഹൗസില്‍ വെച്ച്‌ വി.ഡി. സതീശന്‍ അനുകൂലികള്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെ അസഭ്യം പറഞ്ഞ സംഭവം രാഹുല്‍ ഗാന്ധിയെ ചൊടിപ്പിച്ചു. ഇതൊന്നും അംഗീകരിക്കാനാവില്ലെന്ന് സതീശന്റെ മുഖത്ത് നോക്കി രാഹുല്‍ ഗാന്ധി വ്യക്തമാക്കിയതോടെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ അച്ചടക്ക നടപടിയുടെ നിഴലിലായി. തന്റെ ഇഷ്ടമുള്ള തീരുമാനമാകും പ്രഖ്യാപിക്കുകയെന്നും അനാവശ്യ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ ചെലവാകില്ലെന്നും രാഹുല്‍ ഗാന്ധി നേതാക്കളെ അറിയിച്ചു.

 

കെപിസിസി അധ്യക്ഷനെ പരസ്യമായി അധിക്ഷേപിച്ചവര്‍ കോണ്‍ഗ്രസുകാരല്ലെന്നും അത്തരക്കാരെ പാര്‍ട്ടിക്ക് ആവശ്യമില്ലെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു. സതീശനായി പ്രകടനം നടത്തുന്നവരുടെ കൂട്ടത്തില്‍ മുസ്ലീം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്‌എഫിന്റെ സാന്നിധ്യം ഉണ്ടായതും വി.ഡിക്ക് വലിയ തിരിച്ചടിയായി. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തില്‍ ഇതര സംഘടനകളെ തെരുവിലിറക്കി സമ്മര്‍ദ്ദം ചെലുത്തുന്നത് ഗൗരവകരമായ അച്ചടക്ക ലംഘനമായാണ് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നത്. അതിനിടെ എംഎസ്‌എഫ് ഔദ്യോഗികമായി എത്തിയതല്ലെന്ന് നേതൃത്വം വിശദീകരിച്ചിട്ടുണ്ട്.

 

മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നടന്ന മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലുടനീളം അച്ചടക്കത്തിനാണ് മുന്‍തൂക്കം ലഭിച്ചത്. പാര്‍ട്ടിയില്‍ ആര്‍ക്കും ആരെയും അസഭ്യം പറയാമെന്ന അവസ്ഥ അനുവദിക്കില്ലെന്ന് ഖര്‍ഗെ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെയും കെ.സി. വേണുഗോപാലിന്റെയും ഫ്‌ലക്‌സുകള്‍ കീറിയതും സതീശനെ അനുകൂലിച്ച്‌ നടന്ന അക്രമാസക്തമായ പ്രകടനങ്ങളും രാഹുല്‍ ഗാന്ധിയെ വല്ലാതെ പ്രകോപിപ്പിച്ചു. പാവപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഷ്ടപ്പെട്ട് നേടിയ വിജയത്തെ നേതാക്കളുടെ കസേരകളിയിലൂടെ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം താക്കീത് നല്‍കി.

 

സതീശന്‍ അനുകൂലികള്‍ നടത്തിയ പ്രകടനങ്ങളെ രാഹുല്‍ ഗാന്ധി വിചാരണ ചെയ്തതോടെ ചര്‍ച്ചകളില്‍ സതീശന്‍ പ്രതിരോധത്തിലായി. മുതിര്‍ന്ന നേതാക്കളെയും പാര്‍ട്ടി സംവിധാനത്തെയും വെല്ലുവിളിക്കുന്ന രീതിയിലുള്ള പെയ്ഡ് സോഷ്യല്‍ മീഡിയ ക്യാമ്പയിനുകളെക്കുറിച്ചും ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ‘ഞാന്‍ എനിക്ക് ഇഷ്ടമുള്ള തീരുമാനം എടുക്കും, അത് എല്ലാവരും അംഗീകരിക്കേണ്ടി വരും’ എന്ന് രാഹുല്‍ കര്‍ശനമായി പറഞ്ഞത്.

 

ഡല്‍ഹിയിലെ സ്വീകരണ പരിപാടികളില്‍ എംഎസ്‌എഫ് പ്രവര്‍ത്തകര്‍ സതീശന് വേണ്ടി മുദ്രാവാക്യം വിളിച്ചത് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ തന്നെ വലിയ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. സ്വന്തം പാര്‍ട്ടിക്കാരെ അസഭ്യം പറയുന്നവരെ നിയന്ത്രിക്കാന്‍ കഴിയാത്തവര്‍ എങ്ങനെ ഒരു സംസ്ഥാനത്തെ നയിക്കുമെന്ന ചോദ്യവും ചര്‍ച്ചകളില്‍ ഉയര്‍ന്നു. രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലും മാന്യമായ രീതിയില്‍ ചര്‍ച്ചകളില്‍ പങ്കെടുത്തപ്പോള്‍, സതീശന്‍ അനുകൂലികളുടെ തെരുവ് യുദ്ധം അദ്ദേഹത്തിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചു.

 

മുഖ്യമന്ത്രി പ്രഖ്യാപനം പിന്നീട് നടത്തുമെന്ന് അറിയിച്ച ഹൈക്കമാന്‍ഡ്, ഇന്ന് രാത്രിക്ക് മുമ്പ് എല്ലാ ഫ്‌ലക്‌സ് ബോര്‍ഡുകളും നീക്കം ചെയ്യാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതില്‍ തെറ്റില്ല, പക്ഷേ അത് പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കുന്ന രീതിയിലേക്ക് മാറരുതെന്ന് ദീപാ ദാസ് മുന്‍ഷി പറഞ്ഞു. അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് ഖര്‍ഗെ ആവര്‍ത്തിച്ചു.

 

കേരളത്തിലെ ഓരോ എംഎല്‍എമാരുടെയും അഭിപ്രായം ഹൈക്കമാന്‍ഡ് പ്രത്യേകം ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ തെരുവിലെ പ്രകടനങ്ങളും അധിക്ഷേപങ്ങളും കണക്കിലെടുത്ത് ഹൈക്കമാന്‍ഡ് സ്വന്തം നിലയിലാകും അന്തിമ തീരുമാനമെടുക്കുക. രാഹുല്‍ ഗാന്ധിയുടെ കര്‍ക്കശ നിലപാട് സതീശന്‍ പക്ഷത്തെ ഞെട്ടിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കസേരയ്ക്കായി ഏത് അറ്റം വരെയും പോകാമെന്ന ചില നേതാക്കളുടെ വ്യാമോഹത്തിനാണ് ഡല്‍ഹിയില്‍ തിരിച്ചടിയേറ്റത്.

 

വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവര്‍ സംയുക്തമായി വാര്‍ത്താ സമ്മേളനം നടത്തി അണികളോട് ശാന്തരാകാന്‍ ആവശ്യപ്പെട്ടത് ഹൈക്കമാന്‍ഡിന്റെ ‘ഡ്രസ്സിംഗ് റൂം’ പ്രയോഗത്തിന് ശേഷമാണ്. തന്റെ പേരില്‍ ഇനി ആരും പ്രകടനം നടത്തരുതെന്നും ഫ്‌ലക്‌സ് വെക്കരുതെന്നും സതീശന് തന്നെ പറയേണ്ടി വന്നു. ഇത് ഹൈക്കമാന്‍ഡിന് മുന്നില്‍ കീഴടങ്ങുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ കാണുന്നത്.

 

ചരിത്ര വിജയം ആഘോഷിക്കേണ്ട സമയത്ത് കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുന്നില്‍ നേതാക്കള്‍ തമ്മിലടിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെ പരിഹാസ്യമാക്കുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് രാഹുല്‍ ഗാന്ധി നേരിട്ട് ഇടപെട്ടത്. മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ അന്തിമ തീരുമാനം എടുക്കുമ്പോള്‍ ഡല്‍ഹിയിലെ ഈ ‘അസഭ്യവര്‍ഷം’ തീര്‍ച്ചയായും പ്രതിഫലിക്കുമെന്ന് ഉറപ്പാണ്.

Prev Post

കലുങ്കു നിർമ്മിക്കുന്നതിനായി റോഡ് കുഴിച്ചു; രാമമംഗലം പിറവം റോഡിൽ യാത്രാ ദുരിതം  

Next Post

സംസ്ഥാനത്തെ സ്വർണ്ണവിലയില്‍ ഇന്ന് നേരിയ ആശ്വാസം.

post-bars