രാമമംഗലം പെരുവംമൂഴി റോഡ് താറുമാറായി – യാത്രാ ദുരിതം രൂക്ഷം.
പിറവം : റോഡ് നവീകരണം നിലച്ചതിനു പിന്നാലെ ആരംഭിച്ച കുഴിയടയ്ക്കലും താളം തെറ്റി. ഇതോടെ രാമമംഗലം പെരുവംമൂഴി റീച്ചിൽ യാത്രാദുരിതം രൂക്ഷമായി. 98 കോടി രൂപ മുതൽ മുടക്കിൽ ഉന്നത നിലവാരത്തിൽ പൂർത്തിയാക്കുമെന്ന പ്രഖ്യാപനത്തോടെ 3 വർഷം മുമ്പാണ് മുളക്കുളം പെരുവംമൂഴി റോഡ് നിർമാണം ആരംഭിച്ചത്. എന്നാൽ പകുതി ഘട്ടം എത്തിയതോടെ നിർമാണം നിലക്കുകയായിരുന്നു. പിന്നീട് റോഡിന്റെ പലയിടത്തും കുഴികൾ നിറഞ്ഞതോടെ പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണിക്കായി 25 ലക്ഷം രൂപയോളം അനുവദിച്ചിരുന്നു. എന്നാൽ ഈ തുക ഉപയോഗിച്ച് തകർന്ന ഭാഗത്തു മെറ്റൽ വിരിക്കുക മാത്രമാണു നടന്നതെന്നാണു നാട്ടുകാരുടെ ആരോപണം. ആഴ്ച്‌ചകൾക്കുള്ളിൽ റോഡിൽ വീണ്ടും കുഴികൾ രൂപപ്പെട്ടു. റോഡിൽ വിരിച്ച കോൺക്രീറ്റ് കട്ടകൾ പലഭാഗത്തും തകർന്ന നിലയിലാണ്. കൂടാതെ ചിതറിത്തെറിച്ച മെറ്റൽ കാരണം കാൽനട യാത്രക്കാരും, ഇരുചക്ര വാഹനയാത്രക്കാരും ദുരിതമനുഭവിക്കുകയാണ്. അടിയന്തിരമായി റോഡിന്റെ അറ്റകുറ്റപണികൾ പൂർത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ചിത്രം : രാമമംഗലം – പെരുവംമൂഴി റീച്ചിൽ ആറ്റുവേലിക്കുഴി ഭാഗത്തു റോഡ് തകർന്ന നിലയിൽ
