ക്രിസ്തീയ മൂല്യങ്ങളിൽ അധിഷ്ഠിതമായി ആതുരസേവനം മുന്നോട്ടു കൊണ്ടുപോകേണ്ടത് ഇന്നത്തെ കാലഘട്ടത്തിൽ അനിവാര്യമാണെന്ന് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട്
കൂത്താട്ടുകുളം : ക്രിസ്തീയ മൂല്യങ്ങളിൽ അധിഷ്ഠിതമായി ആതുരസേവനം മുന്നോട്ടു കൊണ്ടുപോകേണ്ടത് ഇന്നത്തെ കാലഘട്ടത്തിൽ അനിവാര്യമാണെന്ന് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കരുതലുള്ള അമ്മയുടെ സ്പർശനം പോലെ ആകണം ആതുരാലയങ്ങളുടെ പ്രവർത്തനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയുടെ സുവർണ്ണ ജൂബിലി ആഘോഷവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്പീരിയർ ജനറൽ മദർ റോസിലി ജോസ് ഒഴുകയിൽ എസ്എബിഎസ് അധ്യക്ഷത വഹിച്ചു.
അഡ്വ.മോൻസ് ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണവും ദേവമാതാ ആശുപത്രിയിലെ ആദ്യജാതയെ ആദരിക്കലും നിർവഹിച്ചു.
1975 ൽ ആശുപത്രിയിൽ ആദ്യമായി ജനിച്ച താമരക്കാട് അനതരയ്ക്കൽ മത്തായി അന്നക്കുട്ടി ദമ്പതികളുടെ മകളും തൃശ്ശൂർ കൊല്ലംപുറത്ത് കെ.ജെ.ജോയിയുടെ ഭാര്യയുമായ ഷൈനി ആശുപത്രിയുടെ സ്നേഹാദരവ് ഏറ്റുവാങ്ങി.
തുടർന്ന് നിർധനർക്കുള്ള ചികിത്സാസഹായ കൂപ്പൺ നറുക്കെടുപ്പും നടന്നു. ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി സിഞ്ചെല്ലൂസ് & മാനേജിംഗ് ഡയറക്ടർ മോൺ. ഡോ.ജോസഫ് കണിയോടിക്കൽ,
ചായി-കെ പ്രസിഡന്റും കാരിത്താസ് ആശുപത്രി ഡയറക്ടറുമായ ഫാ.ഡോ. ബിനു കുന്നത്ത്, കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ, നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, ചേർപ്പുങ്കൽ മാർ സ്ലീവാ കോളേജ് ഓഫ് നഴ്സിംഗ് ഡയറക്ടർ ഫാ.ഡോ. ജോസഫ് കുഴിഞ്ഞാലിൽ, ജനറൽ മെഡിക്കൽ കൗൺസിലർ, സിസ്റ്റർ ആൻസി മാപ്പിളപറമ്പിൽ എസ്എബിഎസ്, ദേവമാതാ ആശുപത്രി ചാപ്ലെയിൻ ഫാ. കുര്യാക്കോസ് നരിതൂക്കിൽ, കൂത്താട്ടുകുളം ഹോളി ഫാമിലി പള്ളി വികാരി ഫാ. സിറിയക് തടത്തിൽ, മുൻ എംഎൽഎ മാരായ ജോണി നെല്ലൂർ, എം.ജെ. ജേക്കബ്, നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ, വാർഡ് കൗൺസിലർ ജോൺ ഏബ്രഹാം, ദേവമാതാ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് & ചീഫ് ഫിസിഷ്യൻ ഡോ. വിനോദ് സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ മരീന ഞാറക്കാട്ടിൽ എസ്എബിഎസ് സ്വാഗതവും ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ റോസ്‌മിൻ പഴയകരി എസ്എബിഎസ് നന്ദിയും പറഞ്ഞു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദേവമാതാ സ്കൂൾ ഓഫ് നഴ്സിംഗിലെ വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.