പിറവം സംസ്ഥാനപാതയില്‍ പേപ്പതി – പാഴൂര്‍ റോഡിലുള്ള അപകടകരമായ വളവുകൾ നിവർത്താൻ സർവ്വ കക്ഷി യോഗം ചേർന്നു.
പിറവം : തൃപ്പൂണിത്തുറ – പിറവം സംസ്ഥാനപാതയില്‍ പേപ്പതി – പാഴൂര്‍ റോഡിലുള്ള അപകടകരമായ വളവുകൾ നിവര്‍ത്തുന്നതുമായി ബന്ധപ്പെട്ടുള്ള പ്രാരംഭ പഠനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ നാറ്റ്പാക്കിന്റെ ഉള്‍പ്പെടെയുള്ള നാല് അലൈമെന്റുകളെ സംബന്ധിച്ച് സർവ്വകക്ഷി യോഗം ചേർന്നു. സാങ്കേതിക പ്രശ്നങ്ങള്‍ ഇല്ലാത്തതും വീടുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ നഷ്ട്ടപ്പെടുന്നതും പരമാവധി ഒഴിവാക്കി കൊണ്ടുള്ള അലൈന്‍മെന്റിന് അംഗീകാരം നല്‍കണമെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലഭ്യമായിരിക്കുന്ന അലൈന്മെന്റില് വിശദമായ പഠനം നത്തി ഡി.പി.ആർ. തയ്യാറാക്കാന്‍ എം.എല്‍.എ നിര്‍ദ്ദേശം നല്കി. ഡി.പി.ആർ. പൂര്‍ത്തിയായതിനു ശേഷം മാത്രമേ എത്ര കെട്ടിടങ്ങളും കൃഷി ഭൂമി ഉള്‍പ്പെടെയുള്ളവ ഏറ്റെടുക്കേണ്ടി വരുമെന്ന് അറിയാന്‍ സാധിക്കുകയുള്ളൂ. ഡി.പി.ആർ. തയ്യാറാക്കി കഴിഞ്ഞാല്‍ നിശ്ചിത അലൈന്മെന്റില് ഉള്ള വസ്തുവകകളുടെ മൂല്യ നിര്‍ണ്ണയം റവന്യു അധികൃതര്‍ നടത്തുകയും നഷ്ട്ടപരിഹാര തുക നിശ്ചയിക്കുകയും ചെയ്യും. മൂന്ന് മാസം കൊണ്ട് ഡി.പി.ആർ. പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. പദ്ധതി നടപ്പിലാക്കുന്നതിനായി സർക്കാരിന് സമർപ്പിച്ച് ഭരണാനുമതി കഴിയുന്നത്ര വേഗം നേടിയെടുക്കാൻ ശ്രമിക്കുമെന്ന് അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു. അനൂപ് ജേക്കബ് എം.എൽ.എ-യുടെ അദ്ധ്യക്ഷതയില്‍ കൂടിയ സര്‍വ്വകക്ഷി യോഗത്തില്‍ കക്ഷി നേതാക്കളായ രാജു പാണാലിക്കല്‍, സോമൻ വല്ലയിൽ, അരുൺ കല്ലറക്കൽ, സോജൻ ജോർജ്, സാജു ചേനാട്ട്, രാജു തെക്കൻ, സാബു ആലക്കൽ, തോമസ് തേക്കുംമൂട്ടിൽ, സണ്ണി തേക്കുംമൂട്ടിൽ, വത്സല വർഗീസ്, ഡോ. സഞ്ജിനി പ്രതീഷ്, മോളി ബെന്നി, പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജൂലിയറ്റ്, മറ്റ് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.