പി.എം.ജി.എസ്.വൈ പദ്ധതി ഗ്രാമീണ റോഡുകൾ – പേരു വിവരങ്ങൾ നിർദ്ദേശിക്കണം .
പിറവം :- കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന (പി.എം.ജി.എസ്.വൈ) പദ്ധതി പ്രകാരം പുതുതായി ഗ്രാമീണ റോഡുകൾ നിർമ്മിക്കുന്നതിനും നവീകരിക്കുന്നതിനും നവംബർ 15 ന് മുമ്പായി റോഡുകളുടെ പേരുകളും വിവരങ്ങളും ത്രിതല പഞ്ചായത്ത് പ്രതിനിധികൾ നിർദ്ദേശിക്കണമെന്ന് അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു.റോഡുകൾ ഇല്ലാത്ത ജനവാസ കേന്ദ്രങ്ങളിലേക്ക് പുതിയ റോഡുകൾ നിർമ്മിക്കാനും ടാറിങ്ങ് നടത്തി ഗതാഗത സൗകര്യമൊരുക്കുന്നതിനുമാണ് മുൻഗണന. റോഡുകളുടെ കുറഞ്ഞ നീളം 500 മീറ്ററും വീതി 6 മീറ്ററും ഉണ്ടാകണം സൗജന്യമായി സ്ഥലങ്ങൾ വിട്ടു കൊടുത്താൽ റോഡുകൾ ഇല്ലാത്ത ഏത് ജനവാസ കേന്ദ്രങ്ങളിലേക്കും ഈ പദ്ധതി പ്രകാരം പുതുതായി റോഡുകൾ നിർമ്മിക്കാം. റോഡുകൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിൻ്റെ ഉടമകൾ സ്ഥലം ഫ്രീ സറണ്ടർ ചെയ്യുകയും അത് പഞ്ചായത്തുകൾ ഏറ്റെടുത്ത് ജില്ലാ തല ഓഫീസിലേക്ക് കൈമാറുകയും ചെയ്യണം.
മൊബൈൽ അപ്ലിക്കേഷനിലൂടെ റോഡുകളുടെ അലൈൻമെൻ്റ് സർവ്വേ നടത്തും. റോഡുകളുടെ പേര്, റോഡുകൾ സ്ഥിതി ചെയ്യുന്ന വാർഡ് നമ്പർ, റോഡിൻ്റെ നീളം, വീതി, വീടുകളുടെ എണ്ണം, ബന്ധപ്പെടേണ്ട ജനപ്രതിനിധികളുടെ പേര്, മൊബൈൽ നമ്പർ, എന്നിവ ഉൾപ്പെടുത്തിയ വിവരങ്ങൾ ഫ്രാൻസിസ് ജോർജ് എം.പി.യുടെ ഇ.മെയിലേക്ക് ([email protected]) അയക്കുകയോ കോട്ടയം ചാലുകുന്നിലുള്ള എം.പി. ഓഫീസിൽ എത്തിക്കുകയോ ചെയ്യണം. ലഭിക്കുന്ന അപേക്ഷകൾ പി.എം.ജി.എസ് .വൈ ജില്ലാ ഓഫീസുകളിലേക്ക് കൈമാറും. നിർദ്ദിഷ്ട റോഡുകളുടെ അലൈൻമെൻ്റും മറ്റ് വിവരങ്ങളും കേന്ദ്ര സർക്കാർ സാറ്റലൈറ്റ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പരിശോധിച്ച് പ്രോജക്ട് തയ്യാറാക്കുന്നതിന് അന്തിമ അനുമതി നൽകുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു.
ഇനിയും വിവരങ്ങൾ ലഭ്യമാക്കാത്ത ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഉടൻ വിവരങ്ങൾ സമർപ്പിക്കണമെന്നും ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു.