പിറവം നഗരസഭാ ചെയര്‍പേഴ്സണ്‍ രാജിവയ്ക്കണമെന്ന് യുഡിഎഫ്
പിറവം: നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലർമാരോടുള്ള വിവേചനത്തില്‍ പ്രതിഷേധിച്ചും നഗരസഭയിലെ എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കെതിരെയും യുഡിഎഫ് നടത്തിയ സമരങ്ങള്‍ക്കെതിരെ ജനങ്ങളെ വിഡ്ഢികളാക്കുന്ന മറുപടികളാണ് നഗരസഭ ഭരണ നേതൃത്വം നല്‍കികൊണ്ടിരിക്കുന്നതെന്നു പ്രതിപക്ഷം പത്രസമ്മേളനത്തില്‍ ആരോപിച്ചു.ഇത്തവണ റോഡ് അറ്റകുറ്റപ്പണിക്കായി തുക അനുവദിച്ചപ്പോള്‍ യുഡിഎഫ് കൗണ്‍സിലർമാരെ പാടെ അവഗണിച്ചിരിക്കുകയാണ്. നഗരസഭ ചെയർപേഴ്സണ്‍ന്‍റെ വാർഡില്‍ 30 ലക്ഷം രൂപയും വൈസ് ചെയർമാന്‍റെ വാർഡില്‍ 16 ലക്ഷവും മുൻ ചെയർപേഴ്സണ്‍ന്‍റെ വാർഡില്‍ 12 ലക്ഷവും അനുവദിച്ചു. എന്നാല്‍ യുഡിഎഫ് കൗണ്‍സിലർമാരുടെ വാർഡുകളിലേക്ക് നാമമാത്രമായ തുക മാത്രമെ അനുവദിച്ചിട്ടുള്ളുവെന്ന് പ്രതിപക്ഷം ആരോപിച്ചു.
വീട് പുനരുദ്ധാരണ പദ്ധതികള്‍ക്കായി ഒരു വർഷം 70 ലക്ഷം രൂപ വച്ച് മൂന്ന് വർഷംകൊണ്ട് 2.10 കോടി ചെലവഴിച്ച് 420 വീടുകളുടെ പുനരുദ്ധാരണമാണ് വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ രണ്ടാം സാമ്ബത്തിക വർഷം പകുതി പിന്നിട്ടിട്ടും ഒന്നാം വർഷത്തെ വീടുകള്‍ പോലും പൂർത്തിയാക്കുവാൻ സാധിച്ചിട്ടില്ല.
തെരുവ് വിളക്ക് അറ്റകുറ്റപ്പണി കൃത്യമായി നടത്താത്തതിനെതുടർന്ന് യുഡിഎഫ് സമരം തുടങ്ങിയ ശേഷം ജനങ്ങളുടെ കണ്ണില്‍ പൊടി ഇടുവാനായി കുറച്ചു ലൈറ്റുകള്‍ നന്നാക്കി തടിയൂരാനാണ് ഭരണസമിതി ശ്രമിക്കുന്നതെന്നും പ്രതിപക്ഷം പറഞ്ഞു.
പത്രസമ്മേളനത്തില്‍ നഗരസഭ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം, യുഡിഎഫ് ജില്ലാ സെക്രട്ടറി രാജു പാണാലിക്കല്‍, മണ്ഡലം ചെയർമാൻ ഷാജു ഇലഞ്ഞിമറ്റം, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് അരുണ്‍ കല്ലറക്കല്‍, തോമസ് തേക്കുംമൂട്ടില്‍, ഡോമി ചിറപ്പുറം, ജോർജ് അലക്സ്, പ്രശാന്ത് മമ്ബുറം, അന്നമ്മ ഡോമി, വത്സല വർഗീസ്, ജോജിമോൻ ചാരുപിലാവില്‍, വർഗീസ് നാരേകാട്ട് തുടങ്ങിയവർ പങ്കെടുത്തു.
