പിറവം വലിയ പള്ളിൽ കല്ലിട്ട പെരുന്നാൾ: ചാലാശ്ശേരി തറവാട്ടിലേക്ക് അഞ്ചേകാലും കോപ്പും നൽകി ആദരിച്ചു .
പിറവം: പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രലില്‍ ശിലാസ്ഥാപന പെരുന്നാളിനോടനുബന്ധിച്ച് ചാലാശ്ശേരി തറവാട്ടിലേയ്ക്ക് “അഞ്ചേകാലും കോപ്പും” നല്‍കി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിശുദ്ധ രാജാക്കളുടെ നട എന്ന പേരില്‍ പ്രശസ്തിയാര്‍ജിച്ച പള്ളി സ്ഥാപിച്ചിരിക്കുന്ന സ്ഥലം പുരാതന കളരി പരമ്പരയുടെ ഉടമകളായ ചാലാശ്ശേരി പണിക്കര്‍ മുഖാന്തരം കുഴിക്കാട്ടുനമ്പൂതിരിയോട് പറയ്ക്ക് ഒരുപറ പണം കൊടുത്ത് വാങ്ങിയതെന്ന് ചരിത്രം പറയുന്നു. അന്ന് മുതൽ ഉപകാരസ്മരണയ്ക്കായി കല്ലിട്ട പെരുന്നാള്‍ ദിവസം ചാലാശ്ശേരി തറവാട്ടിലെ മുതിര്‍ന്ന കാരണവരെ ‘അഞ്ചേകാലും കോപ്പും’ നല്‍കി ആദരിച്ചുവരുന്നത്. വി.കുര്‍ബ്ബാനയ്ക്ക് ശേഷം പള്ളിക്ക് ചുറ്റുമുള്ള പ്രദക്ഷിണത്തിനെ തുടർന്ന് നടന്ന ചടങ്ങില്‍ ഡോ.തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത ചാലാശ്ശേരിയിലെ മുതിർന്ന അംഗമായ വേണുഗോപാലിന്റെ നിര്യാണത്തെ തുടർന്ന് ഭാര്യ ജയ വേണുഗോപാൽ, മകൾ കീർത്തന, മരുമകൻ ശ്രേയസ് എന്നിവർക്ക് അഞ്ചേകാലും കോപ്പും സമ്മാനിച്ചു. അഞ്ചേകാല്‍ ഇടങ്ങഴി അരി, ഏത്തക്കുല, നാളികേരം, ചേന, മത്തങ്ങ, വെള്ളരി, ഒരുകെട്ട് പപ്പടം, വെറ്റില, അടയ്ക്ക, പുകയില എന്നിവയടങ്ങിയതാണ് അഞ്ചേകാലും കോപ്പും. ഇതോടനുബന്ധിച്ച് എൽദോ മാർ ബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാളും ആഘോഷിച്ചു. വികാരി ഫാ.സ്കറിയ വട്ടക്കാട്ടിൽ, സഹ വികാരിമാരായ ഫാ.മാത്യൂസ് വാതക്കാട്ടേൽ, ഫാ.മാത്യൂസ് കാഞ്ഞിരംപാറ, ഫാ.ഏലിയാസ് ചെറുകാട്ട്, ഫാ. ബിനോയി പട്ടകുന്നേൽ എന്നിവർ സഹകാർമികത്വം വഹിച്ചു. ചടങ്ങിൽ ട്രസ്റ്റിമാരായ എം.പി ബാബു മങ്കിടി, ജോൺ പി.ജേക്കബ് സഭാ മാനേജിങ് കമ്മറ്റി അംഗം ജോയ് ലേക്‌നോ കമ്മറ്റിയംഗങ്ങൾ എന്നിവർ പങ്കെടുത്തു.
തുടർന്ന് നേർച്ചസദ്യയും നടന്നു.
ചിത്രം: പിറവം വലിയ പള്ളിയിലെ കല്ലിട്ട പെരുന്നാനാളിനോടനുബന്ധിച്ചു ചാലാശ്ശേരി തറവാട്ടിലേക്ക് നൽകാറുള്ള അഞ്ചേകാലും കോപ്പും അഭി. ഡോ.തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത ചാലാശ്ശേരിയിലെ മുതിര്‍ന്ന അംഗമായ വേണുഗോപാലിന്റെ ഭാര്യ ജയ വേണുഗോപാൽ മകൾ കീർത്തന ശ്രേയസ് എന്നിവർക്ക് സമ്മാനിക്കുന്നു.