ഗവൺമെൻറ് പദ്ധതികളെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടിക്ക് പാമ്പാക്കുടയിൽ തുടക്കം
പിറവം : കേന്ദ്ര ഗവൺമെന്റ് പദ്ധതികളെക്കുറിച്ചുള്ള ദ്വിദിന ബോധവത്കരണ പരിപാടിക്ക് എറണാകുളം പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ എറണാകുളം ഫീൽഡ് ഓഫീസിൻ്റെ നേതൃത്വത്തിൽ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത്, ഐ.സി.ഡി.എസ് പ്രോജക്റ്റ് പാമ്പാക്കുട എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൽസി ടോമി അധ്യക്ഷതവഹിച്ചു. ഐസിഡിഎസ് എറണാകുളം ജില്ലാ പ്രോഗ്രാം ഓഫീസർ സുധ. സി,
സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ എറണാകുളം ഫീൽഡ് പബ്ലിസിറ്റി ഓഫീസർ അബ്ദുമനാഫ്, ഐസിഡിഎസ് സി.ഡി.പി.ഒ എ.എസ് ശ്രീദേവി, പാമ്പാക്കുട എഫ്. എൽ. സി കെ.കെ രവി തുടങ്ങിയവർ സംസാരിച്ചു.
കേന്ദ്ര ഗവൺമെന്റിന്റെ സാമൂഹിക സാമ്പത്തിക സുരക്ഷാ പദ്ധതികൾ, പോഷൺ അഭിയാൻ, സ്വയം തൊഴിൽ സംരംഭ സാധ്യകളും ഗവൺമെന്റ് പദ്ധതികളും, ഭാരതീയ ന്യായ സംഹിത തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു. ചിത്രപ്രദർശനം, പ്രദർശന സ്റ്റാളുകൾ, തപാൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആധാർ വിവരങ്ങൾ പുതുക്കുന്നതിനുള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. ആയുഷ് വകുപ്പിന്റെ സൗജന്യ ആയുർവേദ, ഹോമിയോ മെഡിക്കൽ ക്യാമ്പുകളും നടന്നു.
ചിത്രം : കേന്ദ്ര ഗവൺമെന്റ് പദ്ധതികളെക്കുറിച്ചുള്ള ദ്വിദിന ബോധവത്കരണ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ് ഉദ്ഘാടനം ചെയ്യുന്നു.