പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ശ്രീകാന്ത് നന്ദൻ ചുമതലയേറ്റു.
പിറവം: പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുൻധാരണയുടെ അടിസ്ഥാനത്തില് നാലിനെതിരെ ഒൻപത് വോട്ടുകൾക്ക് പത്താം വാർഡംഗം കോൺഗ്രസിലെ ശ്രീകാന്ത് നന്ദനൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി കോൺഗ്രസിലെ ഒമ്പതാം വാർഡ് അംഗം ശ്യാമള പ്രസാദിനെയും തെരഞ്ഞെടുത്തു. വരണാധികാരി സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗം മൂവാറ്റുപുഴ അസി. ഡയറക്ടർ കെ.ജെയ്മോൻ അധ്യക്ഷനായി.
പാമ്പാക്കുട പഞ്ചായത്തിൻ്റെ പതിമൂന്നംഗ ഭരണസമിതിയിൽ എൽഡിഎഫ് 4 ,യുഡിഎഫ് 9,എന്നതാണ് കക്ഷിനില. കോൺഗ്രസ്-ആറ്, കേരള കോൺഗ്രസ് ജേക്കബ്-രണ്ട്, ജോസഫ്-ഒന്ന് എന്ന നിലയ്ക്കാണ് യു.ഡി.എഫിൻ്റെ ഒൻപത് സ്ഥാനങ്ങൾ. യു.ഡി. എഫിന് ഒൻപത് സ്ഥാനങ്ങളുണ്ടായിട്ടും ഗ്രൂപ്പ് വഴക്കും യു.ഡി.എഫിലെ അനൈക്യവും കാരണം പഞ്ചായത്ത് പ്രസിഡൻ്റ് കോൺഗ്രസിലെ തോമസ് തടത്തിൽ, വൈസ് പ്രസിഡൻ്റ് ജേക്കബ് വിഭാഗത്തിലെ രാധാ നാരായണൻകുട്ടി എന്നിവർ കഴിഞ്ഞ മാസമാണ് രാജിവച്ചത്.
വൈസ് പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമാണ്. പ്രസിഡൻ്റ് സ്ഥാനം കോൺഗ്രസിനും വൈസ് പ്രസിഡൻ്റ് സ്ഥാനം കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിനും എന്ന ധാരണയനുസരിച്ചാണ് കോൺഗ്രസ് അംഗം തോമസ് തടത്തിൽ പ്രസിഡന്റും ജേക്കബ് ഗ്രൂപ്പിലെ ഏക വനിതാ അംഗം രാധാ നാരായണൻകുട്ടി വൈസ് പ്രസിഡന്റുമായത്.
പക്ഷേ, പഞ്ചായത്ത് സമിതി യോഗങ്ങളിലും യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗങ്ങളിലും പ്രസിഡന്റും വൈസ് പ്രസിഡന്റും രണ്ട് ചേരിയിലാവുകയും അംഗങ്ങൾക്കിടയിൽപ്പോലും അഭിപ്രായ ഐക്യമില്ലാതാവുകയും ചെയ്തു. ഇത് ഭരണം പ്രതിസന്ധിയിലാക്കി.
പാമ്പാക്കുട സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ അനൈക്യം മറനീക്കി പുറത്തുവന്നു. കോൺഗ്രസ്, കേരള കോൺഗ്രസ് പാരമ്പര്യമുള്ള ഏതാനും പേർ ചേർന്ന് രൂപവത്കരിച്ച ഐക്യമുന്നണി പാനൽ യു.ഡി. എഫിന്റെ ഔദ്യോഗിക പാനലിനെയും ഇടത് പാനലിനെയും ഏറെ പിന്നിലാക്കി അട്ടിമറിവിജയം നേടിയത് നേതൃത്വത്തെ ഞെട്ടിച്ചു. തുടർന്ന് യു.ഡി.എഫ്. ജില്ലാ നേതൃത്വം ഇരുവരോടും രാജി ആവശ്യപ്പെട്ടതനുസരിച്ചാണ് പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവച്ചത്. പിന്നീട് പ്രസിഡന്റ് സ്ഥാനത്തേക്ക് ഏകകണ്ഠമായി ആളെ കണ്ടെത്താനാവില്ലെന്ന് പ്രചാരണമുണ്ടായി. ഈ സമയത്താണ് ഡി.സി. സി. നേതൃത്വം കർശന നടപടികളുമായി രംഗത്തുവന്നത്. കോൺഗ്രസിലെ ആറ് അംഗങ്ങളെയും ജില്ലാ നേതൃത്വം ഡി.സി.സി. ഓഫീസിൽ വിളിച്ചുവരുത്തി അഭിപ്രായമാരാഞ്ഞു.
ഒടുവിൽ ശ്രീകാന്ത് നന്ദനന് അനുകൂലമായി വോട്ട് ചെയ്യാൻ കോൺഗ്രസ് നേതൃത്വം അംഗങ്ങൾക്ക് വിപ്പ് നൽകി.എൽ ഡി എഫിൽ നിന്നും യഥാക്രമം ഏഴാം വാർഡ് അംഗം ബേബി ജോസഫും, നാലാം വാർഡ് അംഗം റീജ മോൾ ജോബിയും മത്സരിച്ചു. ഇതോടനുബന്ധിച്ചു നടന്ന അനുമോദന ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ ഉല്ലാസ് തോമസ്, ആശസനൽ കെ.ആര്. ജയകുമാർ, പിസി ജോസ്, വിൽസൺ കെ. ജോൺ, കെ.ജി. ഷിബു, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് സിജു ഗോപാലകൃഷ്ണൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബെന്നി സ്കറിയ, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയ് മുള്ളൻകുഴി ഗ്രാമപഞ്ചായത്തംഗങ്ങളായ ജിനു സി.ചാണ്ടി, ഫിലിപ്പ് ഇരട്ടയാനിക്കൽ, ജയന്തി മനോജ്, റീനാമ എബ്രഹാം, രൂപമോൾ തമ്പി തുടങ്ങിയവർ സംസാരിച്ചു.
ചിത്രം: പ്രസിഡന്റ് ശ്രീകാന്ത് നന്ദനൻ
വൈസ് പ്രസിഡന്റ് ശ്യാമള പ്രസാദ്