ഓണക്കൂർ മേഖലയിൽ അപകടങ്ങൾ തുടർക്കഥ; നടപടി വേണമെന്ന് നാട്ടുകാർ
പിറവം : ഒലിയപ്പുറം നടക്കാവ് റോഡിൽ അഞ്ചെൽപെട്ടി മുതൽ ഓണക്കൂർ പള്ളിപ്പടി വരെയുള്ള ഭാഗത്ത് അപകടം തുടർക്കഥയാകുന്നു. ഉന്നത നിലവാരത്തിലുള്ള റോഡിലൂടെ വേഗതയിലെത്തുന്ന വാഹനങ്ങളാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്. കൂടാതെ മലങ്കര കത്തോലിക്കാ പള്ളിയുടെ ഭാഗത്ത് എസ് ആകൃതിയിലുള്ള ഇറക്കത്തോടെയുള്ള വളവിലും, കരയോഗപടിയ്ക്ക് മുമ്പുള്ള ഇറക്കത്തിലും പതിവായി അപകടങ്ങൾ സംഭവിക്കാറുണ്ട്. ഞായറാഴ്ച് വൈകിട്ട് ഓണക്കൂർ പള്ളിപ്പടിയ്ക്ക് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചതാണ് അവസാന സംഭവം. അപകടത്തിൽ മൂന്ന് പേർക്ക് പരുക്ക് ഏൽക്കുകയും ചെയ്തു. രണ്ടാഴ്ച മുമ്പ് കരയോഗപടിയ്ക്ക് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് വാൻ സ്വകാര്യ വ്യക്തിയുടെ മതിലിലേക്ക് ഇടിച്ചു കയറിയിരുന്നു. അപകടത്തിൽ വീടിന്റെ മതിൽ ഭാഗികമായി തകരുകയും ചെയ്തു. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ഇരുപതോളം അപകടങ്ങളാണ് ഈ മൂന്ന് കിലോമീറ്റർ പരിധിയിൽ മാത്രം സംഭവിച്ചത്. അപകടങ്ങളിൽ നിരവധിപേർക്ക് ജീവഹാനി സംഭവിക്കുകയും, പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കൊച്ചിയിലേക്കുള്ള പ്രധാന പാതയായ ഈ ഹൈവേയിലൂടെയാണ് പാണ്ടിയൻപാറ-മണീട് റോഡിലേക്കുള്ള പ്രാവശനവും. നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും ഇത് വഴികടന്നുപോകുന്നത്. വേഗത നിയന്ത്രണ സംവിധാനങ്ങളോ മുന്നറിപ്പ് ബോർഡുകളോ സ്ഥാപിക്കാത്തത് ആണ് ഓണക്കൂർ പള്ളിപ്പടിയിലെ അപകടങ്ങൾക്ക് പ്രധാന കാരണമായി കരുതുന്നത്. തുടർച്ചയായുണ്ടാകുന്ന അപകടങ്ങളുടെ കാരണം കണ്ടെത്തി അടിയന്തിര നടപടി സ്വീകരിക്കണെമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ചിത്രം : തുടർച്ചയായി അപകടങ്ങൾ നടക്കുന്ന ഓണക്കൂർ പള്ളിപ്പടി ജങ്ഷൻ