ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്ക് പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററില്‍ വൻ വരവേൽപ്പ് നല്കി.
കോലഞ്ചേരി: ഇന്ത്യയിൽ സന്ദര്‍ശനം നടത്തുന്ന ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്ക് പുത്തൻകുരിശ് പാത്രിയർക്കാ സെൻറ്ററിൽ വിശ്വാസികളുടെ നേതൃത്വത്തിൽ വൻ വരവേൽപ്പ് നല്കി. തൃശൂരിൽ നിന്ന് ഹെലികോപ്ടർ മാർഗ്ഗം കൊച്ചിയിലെത്തിയ ബാവയെ വാഹനങ്ങളുടെ അകമ്പടിയോടെ വടവുകോട് സെൻ്റ് മേരീസ് യാക്കോബായ പള്ളിയിൽ സ്വീകരിച്ചു. അവിടെ നിന്നുമാണ് പുത്തൻകുരിശ് പാത്രിയർക്കാ സെൻറ്ററിൽ രാത്രി 8 മണിയോടെ ബാവ എത്തിയത്. മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ്, ഡോ. മാത്യൂസ് മോര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത, മുവാറ്റുപുഴ മേഖലയുടെ ഡോ. മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്ത, സഭാ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോര്‍ജ്ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, സഭയുടെ വര്‍ക്കിംഗ് കമ്മറ്റി, മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍, ഭക്തസംഘടന ഭാരവാഹികള്‍, നൂറ് കണക്കിന് വിശ്വാസികൾ തുടങ്ങിയവർ ബാവയെ എതിരേറ്റു. ആവേശഭരിതരായ വിശ്വാസ സമൂഹത്തെ സെൻ്ററിലെ മട്ടുപ്പാവിൻ ബാവ ആശീർവദിച്ചു. കെ. പി. സി സി പ്രസിഡൻ്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, എം.എൽ.എ മാരായ അനൂപ് ജേക്കബ്ബ്, അൻവർ സാദത്ത്, റോജി എം. ജോൺ, ടി.ജെ. വിനോദ്, എൽദോസ് കുന്നപ്പിള്ളി തുടങ്ങിയവർ ബാവയെ കണ്ട് ആശംസകൾ അറിയിച്ചു.