നടൻ സിദ്ദിഖിനെതിരെ ജീവപര്യന്തം തടവിനുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റിനാണ് പൊലീസ് ഒരുങ്ങുന്നു
തിരുവനന്തപുരം: മാസ്കോട്ട് ഹോട്ടലില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയില്‍ നടൻ സിദ്ദിഖിനെതിരെ ജീവപര്യന്തം തടവിനുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റിനാണ് പൊലീസ് ഒരുങ്ങുന്നത്.ബലാത്സംഗം (ഐ.പി.സി 376), ഭീഷണിപ്പെടുത്തല്‍ (506) എന്നിവയാണ് വകുപ്പുകള്‍.
ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിനു പിന്നാലെ മുങ്ങിയ സിദ്ദിഖിനെ പിടികൂടാൻ മ്യൂസിയം പൊലീസ് കൊച്ചിയിലെത്തി. ലുക്ക്‌ഔട്ട് നോട്ടീസ് വിമാനത്താവളങ്ങള്‍ക്ക് കൈമാറി. അറസ്റ്റിന് ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കടേശ് നിർദ്ദേശിച്ചു.
പ്ലസ്ടുക്കാലത്ത് സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട സിദ്ദിഖിനെ 2016 ജനുവരി 28ന് ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിന്റെ പ്രിവ്യൂഷോയ്ക്ക് നിളാ തിയേറ്ററില്‍ വച്ച് കണ്ടു. ഷോ കഴിഞ്ഞ് സിനിമാ ചർച്ചയ്ക്കായി മാസ്കോട്ട് ഹോട്ടലിലേക്ക് ക്ഷണിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. നടിക്ക് 21വയസുള്ളപ്പോള്‍ ഹോട്ടലിലെ 101-ഡി മുറിയിലായിരുന്നു സംഭവം. മൊബൈല്‍ ലൊക്കേഷൻ പരിശോധനയില്‍ രണ്ടുപേരും ഒരുമിച്ചുണ്ടായിരുന്നെന്ന് കണ്ടെത്തി. സിദ്ദിഖ് മുറിയെടുത്തതായി ഹോട്ടല്‍ രേഖയിലുണ്ട്. ജനുവരി 27ന് രാത്രി 12ന് മുറിയെടുത്ത സിദ്ദിഖ് പിറ്റേന്ന് വൈകിട്ട് 5വരെ ഹോട്ടലിലുണ്ടായിരുന്നു. സന്ദർശക രജിസ്റ്ററില്‍ നടി ഒപ്പിട്ടതും തെളിവായി.
പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സിദ്ദിഖ് ഡി.ജി.പിയോട് പരാതിപ്പെട്ടിരുന്നു. ഗൂഢാലോചന അന്വേഷിക്കണം. പലപ്പോഴും വ്യത്യസ്ത രീതിയില്‍ ആരോപണമുന്നയിച്ച നടി ഇപ്പോഴാണ് ലൈംഗികാരോപണം നടത്തുന്നത്. മോശമായ വാക്കുകളുപയോഗിച്ചെന്നായിരുന്നു 2018ലെ ആരോപണം. പിന്നീട് ഉപദ്രവിച്ചെന്നായി. മറ്റു പലർക്കെതിരേയും സമൂഹമാദ്ധ്യമങ്ങളിലൂടെ പരാതികളുന്നയിച്ച ഇവർക്ക് പ്രത്യേക അജൻഡയുണ്ടെന്നും പരാതിയിലുണ്ടായിരുന്നു.