ജോലിക്കുനിന്ന വീട്ടിലെ 15 പവൻ ആഭരണം മോഷ്ടിച്ച കേസില്‍ നെടുമങ്ങാട് വലിയ മലയില്‍വീട്ടില്‍ സൗമ്യ നായരെ (29) കോടതി റിമാൻഡ് ചെയ്തു
മുളന്തുരുത്തി :ജോലിക്കുനിന്ന വീട്ടിലെ 15 പവൻ ആഭരണം മോഷ്ടിച്ച കേസില്‍ നെടുമങ്ങാട് വലിയ മലയില്‍വീട്ടില്‍ സൗമ്യ നായരെ (29) കോടതി റിമാൻഡ് ചെയ്തു.പൈങ്ങാരപ്പിള്ളി ശോഭനിലയത്തില്‍ വിജയന്റെ വീട്ടില്‍നിന്നാണ് സൗമ്യ ആഭരണങ്ങള്‍ മോഷ്ടിച്ചത്. നെടുമങ്ങാട് മാതാ ജ്വല്ലറി, പിറവം ജെ.ജെ ജ്വല്ലറി എന്നീ സ്ഥാപനങ്ങളില്‍ നടത്തിയ തെളിവെടുപ്പില്‍ ഒമ്ബത് പവൻ സ്വര്‍ണം മുളന്തുരുത്തി പൊലീസ് കണ്ടെടുത്തു.
ബാക്കി സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്താൻ ഇനിയും തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു. വയോധികരായ വിജയനെയും ഭാര്യ ശോഭയെയും ശുശ്രൂഷിക്കാൻ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന സൗമ്യ ഏപ്രിലില്‍ നാലുപവൻ സ്വര്‍ണാഭരണം മോഷ്ടിച്ചിരുന്നു. വീടുപണി നടക്കുന്നതിനാല്‍ വീട്ടുകാര്‍ക്ക് സംശയം തോന്നിയിരുന്നില്ലപിന്നീട് പല ഘട്ടങ്ങളിലായി 11 പവൻ കൂടി കൈക്കലാക്കുകയായിരുന്നു. പിറവം മണീട് റോഡില്‍ കാരൂര്‍ കാവില്‍ താമസിക്കുന്ന സൗമ്യ വീട്ടുകാരുമായുള്ള സൗഹൃദം മുതലെടുത്ത് മോഷണം നടത്തുകയായിരുന്നു. ബംഗളൂരുവിലായിരുന്ന വിജയന്റെ മകൻ പ്രവീണും കുടുംബവും ദിവസങ്ങള്‍ക്കുമുമ്ബ് നാട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
ഇവര്‍ നാട്ടിലെത്തുമെന്നറിഞ്ഞതോടെ ആരെയും അറിയിക്കാതെ കഴിഞ്ഞ എട്ടിന് ജോലി മതിയാക്കി സൗമ്യ നെടുമങ്ങാട്ടേക്ക് മടങ്ങി. സൗമ്യയെ നിരവധിതവണ വീട്ടുകാര്‍ ബന്ധപ്പെട്ടിരുന്നെങ്കിലും ഫോണ്‍ സ്വിച്ച്ഓഫ് ആക്കി വെക്കുകയായിരുന്നു. മോഷണം നടത്തിയത് സൗമ്യയാണെന്ന സംശയത്തില്‍ മുളന്തുരുത്തി എസ്.എച്ച്.ഒക്ക് വിജയൻ പരാതി നല്‍കിയിരുന്നു. പൊലീസ് സൗമ്യയുമായി ബന്ധപ്പെട്ടെങ്കിലും സ്റ്റേഷനിലേക്ക് വരാൻ കൂട്ടാക്കിയില്ല. മുളന്തുരുത്തി പൊലീസ് നെടുമങ്ങാട്ടെത്തി സൗമ്യയെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്.എച്ച്.ഒ മനേഷ് പൗലോസ്, എസ്.ഐമാരായ സുമിത, ബിജു ജോര്‍ജ്, എസ്.ഐ സജീഷ്, ഷീജ സിന്ധു, ഷിയാസ്, അനൂപ് റെജിൻ പ്രസാദ് എന്നിവരാണ് കേസ് അന്വേഷിച്ചത്.