ഹയര്‍ സെക്കൻഡറി സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപികക്കും നേരെ കടന്നല് ആക്രമണം
കൂത്താട്ടുകുളം : ഹയര്‍ സെക്കൻഡറി സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപികക്കും നേരെ കടന്നല് ആക്രമണം.ഇന്നലെ വൈകുന്നേരം 3.30നാണ് സംഭവം. സ്കൂളിന് സമീപത്തെ ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് കടന്നലിന്റെ ആക്രമണം ഉണ്ടായത്. വിദ്യാര്‍ത്ഥികളുടെ മുഖത്തും കൈകാലുകളിലും കടന്നലിന്റെ കുത്ത് ഏറ്റിട്ടുണ്ട്.
കൃത്യസമയത്തുള്ള അധ്യാപകരുടെ ഇടപെടല്‍ മൂലം കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഗ്രൗണ്ടിന്റെ ഭാഗത്തുനിന്നും കൂട്ടമായി എത്തിയ കടന്നല് ക്ലാസ് റൂം പരിസരത്തേക്ക് എത്തിയെങ്കിലും വിദ്യാര്‍ത്ഥികള്‍ ക്ലാസ് റൂമുകളില്‍ അഭയം തേടിയതോടെ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നല്കി.
യുപി വിഭാഗത്തിലെ 5,6,7 ക്ലാസുകളിലെ 25 വിദ്യാര്‍ത്ഥികള്‍ക്കാണ് കടന്നല് കുത്തേറ്റത്. ഇതില്‍ സാരമായി പരിക്കേറ്റ് 20 വിദ്യാര്‍ത്ഥികളും ഒരു അധ്യാപികയും കൂത്താട്ടുകുളം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.
ആരുടെയും നില ഗുരുതരമല്ല. ഗ്രൗണ്ടിന് സമീപത്തെ മരങ്ങളില്‍ നിന്നും കടന്നല് എത്തിയതാകാം എന്നാണ് പ്രാഥമിക നിഗമനം. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി കടന്നലിന്റെ ഉറവിടം കണ്ടെത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.