കൂത്താട്ടുകുളത്ത് ഒരു സ്ഥലത്തു നിന്നും മൂന്നു വാഹനങ്ങൾ മോഷണം പോയി.
കൂത്താട്ടുകുളം : കൂത്താട്ടുകുളത്ത് ഒരു സ്ഥലത്തു നിന്നും മൂന്നു വാഹനങ്ങൾ മോഷണം പോയി. മണിക്കൂറുകൾക്കുള്ളിൽ രണ്ടു വാഹനങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച വൈകുന്നേരമാണ് കൂത്താട്ടുകുളം റിലയൻസ് പെട്രോൾ പമ്പിനു സമീപത്തെ
സൂപ്പർ മാർക്കറ്റിനു സമീപത്ത് വച്ചിരുന്ന മൂന്ന് ബൈക്കുകൾ മോഷണം പോയത്. സൂപ്പർ മാർക്കറ്റിലെ ജീവനക്കാരുടെ വാഹനങ്ങൾ ആണ് മൂന്നും. തിങ്കളാഴ്ച വൈകുന്നേരം 6 നു ശേഷമാണ് മോഷണം നടന്നിരിക്കുന്നത്. യമഹ ആർ 15, ബുള്ളറ്റ്, യമഹ എംറ്റി എന്നീ വാഹനങ്ങളാണ് മോഷണം പോയത്.
ഉടമകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ
കൂത്താട്ടുകുളം പോലീസ് തലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു. പോലീസിന്റെ അന്വേഷണത്തിന് ഒപ്പം തന്നെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരും സുഹൃത്തുക്കളും വാഹനം തേടി ഇറങ്ങി. പ്രധാന റോഡുകളിലും ഇടറോഡുകളിലും പരിശോധനകൾ നടന്നു. ഇവരുടെ പരിശോധനയിൽ സൂപ്പർമാർക്കറ്റിൽ സമീപമുള്ള കുളംപാടം റോഡിലെ കനാലിനു സമീപത്തു നിന്നും ഒരു ബൈക്ക് കണ്ടെത്തി. പിന്നീട് ചോരക്കുഴിലെ തീപ്പെട്ടി കമ്പനിക്ക് സമീപത്തു നിന്നും അടുത്ത വാഹനവും ലഭിച്ചു. വാഹനങ്ങളുടെ വയറുകൾ മുറിച്ച് നിലയിലായിരുന്നു ഉണ്ടായിരുന്നത്. സെൻസർ സംവിധാനങ്ങളിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ വയറിങ് കിറ്റ് കട്ട് ചെയ്തതോടെ വാഹനങ്ങൾ സ്വയം ഓഫ് ആയതുകൊണ്ടാകാം വാഹനം ഉപേക്ഷിച്ചത് എന്നാണ് കരുതുന്നത്. എന്നാൽ മൂന്നാമത്തെ വാഹനമായ ബുള്ളറ്റിൽ ഇത്തരത്തിലുള്ള സെൻസർ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ വാഹനം ഇവിടെ നിന്നും കടത്തി എന്ന നിഗമനത്തിൽ അന്വേഷണം തുടരുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടന്ന അന്വേഷണത്തിൽ ബുള്ളറ്റ് സൂപ്പർമാർക്കറ്റിന്റെ ഭാഗത്തുനിന്നും ചോരക്കുഴി ഭാഗത്തേക്ക് പോവുകയും പിന്നീട് വാഹനം സൂപ്പർമാർക്കറ്റിൽ സമീപം എത്തുകയും ചെയ്തതായി കണ്ടെത്തി. സൂപ്പർമാർക്കിന് സമീപം ആളെ ഇറക്കിയ ശേഷം മുന്നോട്ടുപോയ വാഹനം പിന്നെ കണ്ടെത്താനായില്ല.
ഇതിനിടെ വാഹനങ്ങൾ മോഷണം പോയ വാർത്ത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിച്ചിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട ഒരു വഴിയാത്രക്കാരൻ ഇന്നലെ ഉച്ചയോടെ കാരമല ഭാഗത്ത് ബുള്ളറ്റ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതായി അറിയിച്ചു. നിലവൽ മൂന്നു വാഹനങ്ങളും സുരക്ഷിതമായി ഉടമകളുടെ കയ്യിൽ എത്തി.
മൂന്ന് ചെറുപ്പക്കാർ ചേർന്നാണ് മോഷണം നടത്തിയിട്ടുള്ളത്. സൂപ്പർമാർക്കറ്റ് കെട്ടിടത്തിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ മോഷ്ടാക്കൾ വരുന്നതും വാഹനങ്ങൾ കടത്തിക്കൊണ്ടു പോകുന്നതും വ്യക്തമായി ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്കായി പോലീസ് അന്വേഷണം തുടരുകയാണ്.
ഇതിനിടെ ബാബുജി സ്കൂളിന് സമീപം കഴിഞ്ഞ 13 നു മറ്റൊരു ബൈക്ക് മോഷണം പോയിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചു. ബൈക്കുകൾ സ്ഥിരമായി മോഷ്ടിക്കുന്ന ഒരു സംഘം പ്രദേശത്ത് ഉള്ളതായി ആണ് പ്രാഥമിക നിഗമനം.
ഫോട്ടോ : മോഷണം പോയ വാഹനങ്ങൾ.