Back To Top

April 21, 2025

ഉയിർപ്പിന്റെ പ്രത്യാശയിൽ പിറവത്തെ പളളികളിൽ ആയിരങ്ങളുടെ പൈതലൂട്ട് നേർച്ച

 

പിറവം: സെൻ്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രലി (പിറവം വലിയപള്ളി) ലും, ഫൊറോനയായി ഉയർത്തപ്പെട്ട ക്നാനായ കത്തോലിക്ക സഭയുടെ ഹോളി കിങ്‌സ് കത്തോലിക്കാ പള്ളി (കൊച്ചുപള്ളി) യിലും, പിറവം സെന്റ് മേരീസ് യാക്കോബായ കോൺഗ്രിഗേഷനിലും പാരമ്പര്യ ചടങ്ങുകളോടെ ആയിരങ്ങൾ പൈതൽ ഊട്ടുനേർച്ച നടത്തി. പള്ളികളിൽ ശനിയാഴ്ച വൈകിട്ട് 8 ന് ഉയിര്‍പ്പ് ശുശ്രൂക്ഷകള്‍ ആരംഭിച്ചു.

പിറവം വലിയ പള്ളിയിലെ ഉയിർപ്പ് ശുശ്രൂഷകൾക്ക് ഫാ . ഏലിയാസ് ചെറുകാട്‌ വികാരി ഫാ.സ്കറിയ വട്ടക്കാട്ടിൽ, മാത്യൂസ് വാതക്കാട്ടിൽ, ഫാ.മാത്യു കാഞ്ഞിരംപാറ എന്നിവർ കാർമ്മികത്വം വഹിച്ചു.

ഹോളി കിങ്‌സ് കത്തോലിക്കാ പള്ളിയിലെ ശുശ്രൂഷകൾക്ക് വികാരി ഫാ.തോമസ് പ്രാലേൽ സഹ വികാരി ഫാ.അജിൽ ജോൺ എന്നിവർ കാർമ്മികത്വം വഹിച്ചു. പിറവം സെന്റ് മേരീസ് യാക്കോബായ കോൺഗ്രിഗേഷനിലെ ഉയിർപ്പ് ശുശ്രൂഷകൾക്ക്

കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മോർ ഈവാനിയോസ് മുഖ്യ കാർമികത്വം വഹിച്ചു. വികാരി ഫാ.വർഗീസ് പനിച്ചിയിൽ, ഫാ.റോഷൻ തച്ചേത്ത്, ഫാ.എൽദോസ് കുറ്റിവേലിൽ, ഫാ.ബേസിൽ പാറേക്കാട്ട് എന്നിവർ കാർമികത്വം വഹിച്ചു. പിറവം വലിയ പള്ളിയിൽ രാത്രി 12 മണിയോടെ ഉയിർപ്പിന്റെ ശുശ്രൂക്ഷകള്‍ സമാപിച്ച ശേഷം ചരിത്രപ്രസിദ്ധമായ പൈതല്‍ നേര്‍ച്ച ആരംഭിച്ചു. ഞായറാഴ്ച വെളുപ്പിന് 12 മണിയോടെ ആരംഭിച്ച ഊട്ടുനേര്‍ച്ച രാവിലെ വരെ നീണ്ടു. പൈതൽ ഊട്ടുനേർച്ച ഏറ്റവും കൂടുതൽ നടക്കുന്നത് പിറവം വലിയ പള്ളിയിലാണ്. നേർച്ച നടത്താനെത്തിയവരും നേർച്ച ഇരിക്കാനെത്തിയവരുമായി ആയിരങ്ങൾ പള്ളി പരിസരത്ത്‌ തിങ്ങി നിറഞ്ഞു.

യേശുദേവന്റെ പത്രണ്ടു് ശിഷ്യരെ അനുസ്മരിച്ച് 12 കുട്ടികളെ ഒരുമിച്ചിരുത്തി പാരമ്പര്യാചാരപ്രകാരം വിഭവങ്ങൾ വിളമ്പി നൽകുന്നതാണ് പൈതൽ ഊട്ടുനേർച്ച. 12 വയസ്സുവരെയുള്ള ആൺകുട്ടികളെയാണ് നേർച്ചയ്ക്കിരുത്തുന്നത്. ഇതിനായി ജാതിമത ഭേതമന്യേ മാതാപിതാക്കൾ കുട്ടികളെ പള്ളിയിൽ കൊണ്ട് വരും.

നേർച്ച വിഭവങ്ങൾ പള്ളി പരിസരത്ത്‌ തന്നെ തയ്യാർ ചെയ്തവർ വളരെ നേരത്തെ എത്തി സ്ഥാനം പിടിച്ചു. ഉയിർപ്പിന്റെ സമയവെടി മുഴങ്ങിയതോടെ അവർ വിഭവങ്ങൾ പാകം ചെയ്യാൻ തുടങ്ങി. അതേസമയ൦ നേർച്ച വിഭവങ്ങൾ വീടുകളിൽ പാകം ചെയ്തവർ നേരം പുലരും മുൻപ് തന്നെ അവയുമായി പള്ളിയിലെത്തി നേർച്ച വിളമ്പി. തൂശനിലയിൽ നെയ്യ്പ്പം, പഴം, പിടി, കള്ളപ്പം, ചോറ്, കോഴിക്കറി, മീൻകറി, തുടങ്ങിയവ വിളമ്പി നൽകി. വിഭവങ്ങൾ വെച്ചു കൊണ്ടുവരുന്നവർ 100 രൂപ അടച്ചു നേർച്ചയിൽ പങ്കാളികളായി. വിഭവങ്ങൾ ഒന്നുമില്ലാതെ 500 രൂപ അടച്ചു നേർച്ചയിൽ പങ്കാളിയായവരും ഏറെയുണ്ട്. പിറവം സെൻ്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രലി (പിറവം വലിയപള്ളി) ൽ 500 രൂപ അടച്ചു നേർച്ചയിൽ പങ്കാളിയായവർക്ക്‌ പള്ളിയിൽനിന്നും ആശീർവദിച്ച 12 നെയ്യപ്പം അടങ്ങുന്ന പായ്‌ക്കറ്റ്‌ നൽകി. വിശുദ്ധ.രാജാക്കളുടെ കത്തോലിക്ക പള്ളിയിലും ഭക്തിനിർഭരമായ ചടങ്ങുകളോടെ ഉയിർപ്പ് തിരുന്നാൾ ആഘോഷിച്ചു.

ക്നാനായ കത്തോലിക്ക സഭയുടെ കീഴിൽ പൈതൽ ഊട്ടു നടക്കുന്ന അപൂർവ്വ ദേവാലയങ്ങളിൽ ഒന്നാണ് പിറവത്തെ ഹോളി കിങ്‌സ് ക്നാനായ കത്തോലിക്കാ ഫൊറൊന പള്ളി.

 

ചിത്രം: പിറവം സെൻ്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രലി (പിറവം വലിയപള്ളി) ൽ നടന്ന പൈതലൂട്ട് നേർച്ച

 

Prev Post

ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്ക് കൊച്ചി ഭദ്രാസനത്തിന്റെ സ്നേഹാദരം.

Next Post

ഫ്രാൻസിസ് മാർ‌പാപ്പ കാലം ചെയ്തു

post-bars