നഗരസഭയിലെ പ്രധാന ജംഗ്ഷനിൽ ഉള്ള സീബ്ര വരകൾ അപ്രത്യക്ഷമായി.
കൂത്താട്ടുകുളം : നഗരസഭയിലെ പ്രധാന ജംഗ്ഷനിൽ ഉള്ള സീബ്ര വരകൾ അപ്രത്യക്ഷമായി. എം.സി. റോഡിൽ കൂത്താട്ടുകുളം സെൻട്രൽ കവലയിലെ സീബ്ര വരകളാണ് റോഡ് റീടാറിംഗ് ശേഷം ഇല്ലാതായിരിക്കുന്നത്. ഈ ഭാഗത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായും റോഡിൽ രൂപപ്പെട്ട കുഴികൾ അടക്കുന്നതിനായും ജൂവൽ ജംഗ്ഷൻ മുതൽ നഗരസഭയുടെ മുൻവശം വരെയുള്ള ഭാഗം റീ ടാർ ചെയ്തിരുന്നു. ടാറിംഗ് പൂർത്തിയായ മുറയ്ക്ക് റോഡിന്റെ സൈഡ് ലൈനുകളും സീബ്ര വരകളും വരച്ചു ചേർത്തെങ്കിലും ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഭാഗത്തെ സീബ്ര വരകൾ ഒഴിവാക്കപ്പെടുകയായിരുന്നു.
ടൗണിലെ ഏറ്റവും തിരക്കേറിയ ഭാഗമാണ് സെൻട്രൽ ജംഗ്ഷൻ. ഇവിടെ പ്രധാന റോഡിലേക്ക് നിരവധി ചെറു റോഡുകൾ വന്നുചേരുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ ഭാഗത്ത് താരതമ്യേന വാഹന തിരക്കും ജന തിരക്കും കൂടുതലാണ്. ഇത് കണക്കിലെടുത്ത് റോഡിന്റെ വിവിധ ഭാഗങ്ങളിലായി സീബ്ര വരകൾ ക്രമീകരിച്ചിരുന്നു. ഈ സീബ്ര വരകളിൽ ഒന്നാണ് നിലവിൽ ഇല്ലാതായിരിക്കുന്നത്. ഏറ്റവും തിരക്കേറിയ കൊമേർഷ്യൽ കോംപ്ലക്സ്, ഹയർസെക്കൻഡറി സ്കൂൾ, പള്ളി തുടങ്ങിയവ സ്ഥിതി ചെയ്യുന്ന ഈ ഭാഗത്തെ സീബ്ര വരകൾ പുനസ്ഥാപിക്കണം എന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
ഇതോടൊപ്പം ഇവിടെ പൂർത്തിയായിട്ടുള്ള റീ ടാറിംഗ് ജോലികളിൽ അപാകത സംഭവിച്ചിട്ടുള്ളതായും പൊതുജനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി നടത്തിയ റീ ടാറിംഗ് ജോലികൾ പൂർത്തിയായതോടെ പുതിയതായി ചെയ്ത ടാറിംഗിനും പഴയ ടാറിംഗിനും ഇടയിലൂടെ വെള്ളം ഒഴുകുന്നു എന്നും ആക്ഷേപമുണ്ട്. പ്രദേശത്ത് സംഭവിച്ചിട്ടുള്ള പാകപ്പിഴകൾ പരിശോധിച്ച് അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
ഫോട്ടോ : എം സി റോഡിൽ കൂത്താട്ടുകുളം സെൻട്രൽ കവലിക്ക് സമീപം ഉണ്ടായിരുന്ന സീബ്ര വരകൾ
പുനസ്ഥാപിക്കാത്ത നിലയിൽ.