വേനൽക്കാല കായിക പരിശീലന ക്യാമ്പ് സമാപിച്ചു
പിറവം : രാമമംഗലം ഹൈസ്കൂൾ ഗ്രൗണ്ടിൽ ഒരുമാസമായി നടന്നുവന്നിരുന്ന വേനൽക്കാല കായിക പരിശീലന ക്യാമ്പ് സമാപിച്ചു. സ്കൂളിൻ്റെ എഴുപത്തി അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സ്പോർട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഫുട്ബാൾ, ഖോ – ഖോ എന്നിവയിൽ വിദഗ്ദ പരിശീലകരായ സാബു കെ.എ, അനന്ദു ആർ എന്നിവരാണ് നൂറ്റി അൻപതോളം വരുന്ന കുട്ടികൾക്ക് പരിശീലനം നൽകിയത്. ക്യാമ്പിൻ്റെ ഭാഗമായി ലഹരിക്കെതിരെ പിറവം എക്സൈസ് വകുപ്പുമായി സഹകരിച്ച് ലഹരിക്കെതിരെ ബോധവൽക്കരണ പെനാൽറ്റി കിക്ക് പരിപാടി,റോഡ് വാക്ക് ആൻഡ് റൺ എന്നിവയും സംഘടിപ്പിച്ചു. സമാപനത്തോട് അനുബന്ധിച്ച് നെയ്തുശാല പടിയിൽ നിന്ന് ആരംഭിച്ച മിനി മാരത്തൺ പാമ്പാക്കുട പഞ്ചായത്ത് അംഗം ജയന്തി മനോജ് ഉത്ഘാടനം ചെയ്തു. തുടർന്ന് സ്കൂൾ ഗ്രൗണ്ടിൽ നടന്ന സമാപന ചടങ്ങിൽ മാനേജർ അജിത്ത് കല്ലൂർ അദ്ധക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത പൗലോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐ എസ് എൽ ഹൈദരാബാദ് എഫ് സി താരം മുഹമ്മദ് റാഫി മുഖ്യാതിഥിയായി. ഫുട്ബോൾ കോച്ച് അശോകൻ ആറ്റുവേലിലിനെ ചാഡിങ്ങിൽ ആദരിച്ചു. ഹെഡ്മിസ്ട്രസ്സ് സിന്ധു പീറ്റർ, രതീഷ് കലാനിലയം, ബെന്നി എ.ജെ, ഷൈജി കെ ജേക്കബ്, കോച്ചുമാരായ സാബു കെ.എ, അനന്തു ആർ, അനൂബ് ജോൺ, പി.സി.ജോയ്, മുജീബ്, എന്നിവർ പ്രസംഗിച്ചു.