മഹാദേവ ക്ഷേത്രത്തിലെ പ്രധാന ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവര്‍ന്നു
കൂത്താട്ടുകുളം : മഹാദേവ ക്ഷേത്രത്തിലെ പ്രധാന ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവര്‍ന്നു. വ്യാഴാഴ്ച രാവിലെ മേല്‍ശാന്തി ഷിനു ചന്ദ്രകാന്ത് എത്തിയപ്പോഴാണ് ഭണ്ഡാരം തകര്‍ത്തനിലയില്‍ കാണപ്പെട്ടത്.നമസ്കാരമണ്ഡപത്തോട് ചേര്‍ന്നുള്ള ഭണ്ഡാരത്തിന്റെ പൂട്ടാണ് തകര്‍ത്തത്. കഴിഞ്ഞ ഒന്നരമാസമായി പണം ഭണ്ഡാരത്തില്‍ നിന്നെടുത്തിട്ടില്ല.
സ്റ്റീല്‍ നിര്‍മിത ഭണ്ഡാരത്തിന്റെ പുറംഭാഗം എണ്ണ ഉപയോഗിച്ച് തുടച്ചനിലയിലായിരുന്നു. തുടയ്ക്കാൻ ഉപയോഗിച്ച തുണി ഭണ്ഡാരത്തിന് സമീപം ഇട്ടിരുന്നു. ക്ഷേത്രത്തിന്റെ വടക്കേ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കാണപ്പെട്ടു. ഈ ഭാഗത്തെ വൈദ്യുത ബള്‍ബും ഊരിമാറ്റിയ നിലയിലായിരുന്നു. ക്ഷേത്ര പരിസരത്തുനിന്നും പിക്കാസ്, ബള്‍ബ് എന്നിവ ലഭിച്ചു.കൂത്താട്ടുകുളം പോലീസിന്റെ നേതൃത്വത്തില്‍ വിരലടയാള വിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികള്‍, പിൻമറ്റം ഗ്രൂപ്പ് ദേവസ്വം മാനേജര്‍ പ്രണവ് രവീന്ദ്രൻ എന്നിവര്‍ സ്ഥലത്തെത്തി. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ളതാണ് കൂത്താട്ടുകുളം മഹാദേവ ക്ഷേത്രം.
കഴിഞ്ഞ നവംബര്‍ 16-നും ഭണ്ഡാരം തകര്‍ത്ത് മോഷണം നടന്നിരുന്നു. അന്ന് മോഷ്ടാവിനെ 24 മണിക്കൂറിനകം പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം താമരക്കാട് ശ്രീപോര്‍ക്കലി ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു.