കളമ്പൂക്കാവിൽ ആയിരങ്ങൾ പങ്കെടുത്ത വലിയ പാന സമാപിച്ചു : ഗരുഡന്മാർ പറന്നിറങ്ങുന്ന തൂക്കം ഇന്ന്
പിറവം: ദാരികാസുരനെ ഉഗ്രയുദ്ധത്തിലൂടെ ഭദ്രകാളി നിഗ്രഹിക്കുന്നതിനെ പ്രാദേശികമാക്കി നടത്തിയ ഭക്തിനിർഭരമായ ചടങ്ങുകളോടെ കളമ്പൂക്കാവിൽ വലിയ പാനയ്ക്ക് പരിസമാപ്തിയായി. പാരമ്പര്യ വിഭവങ്ങൾ കൊണ്ട് സമൃദ്ധമായ പനകഞ്ഞി കുടിച് വർദ്ധിത വീര്യത്തോടെ എത്തിയ പാനക്കാർ ദേവിയുടെ അനുചാരന്മാരായി മാറി, പാനയേഴുന്നള്ളിപ്പിന് അകമ്പടി സേവിച്ചു. ധീവര സഭ കളമ്പൂർ, മുളക്കുളം ശാഖകളുടെ ഗരുഡനും മേവെളളൂർ ചെറുകര ശ്രീവേദവ്യാസ ധീവര സമാജത്തിന്റെ ഭീമനും (കെട്ടുകാഴ്ച്ചകൾ ) ചെറിയപനയിൽ എന്നപോലെ വലിയ പാനയ്ക്കും കാവിന്റെ മുറ്റത്തെത്തി. ഉച്ചപൂജ,പാനപ്പുര പൂജ, എന്നിവയെ തുടർന്ന് പാനകുറ്റി കൈയിൽ കിട്ടിയതോടെ ദേവിയുടെ ഭൂതകാര്യങ്ങളായി മാറിയ പാനക്കാർ ചുവന്ന പട്ട് ചുറ്റി കൈയിൽ പാന കുറ്റിയുമായി പാനതുള്ളി ക്ഷേത്രത്തിൽ പ്രദക്ഷിണം വച്ചിറങ്ങി.പാന കഞ്ഞിക്ക് ശേഷമായിരുന്നു ദേവിയുടെ പടപ്പുറപ്പാടായ വലിയ പാന എഴുന്നെള്ളിപ്പ്. ക്ഷേത്രവാദ്യകലാരത്നം മേളരത്നം തിരുമറയൂർ സുരേഷ്മാരാരുടെ പ്രമാണത്തിൽ പാണ്ടിമേളം അകമ്പടിയായി.വൈകിട്ട് തിരുവാതിരകളികൾ, താലപ്പൊലി.
ഭക്തിഗാനസുധ, രാത്രി ബാലെ എന്നിവ നടന്നു. പാന മഹോത്സവത്തിന്റെ സമാപന ദിവസമായ 2 ന് (ഞായർ) തൂക്കം നടക്കും. വൈകിട്ട് 7 ന് ഒറ്റത്തൂക്കങ്ങൾ കാവിലെത്തി അമ്മയെ വണങ്ങി മടങ്ങും. രാത്രി വൈകുതോറും കളമ്പൂരിന്റെ ഉൾനാടുകളിൽനിന്നും സമീപകരകളിൽ നിന്നും താലപ്പൊലി സംഘങ്ങൾ കാവിനെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങും.തൂക്ക രാത്രി പകുതി പിന്നിടുന്നതോടെ ഗരുഡന്മാരുടെ വരവാകും. ചെണ്ടമേളത്തിന്റെ താളത്തിനൊത്തു പറന്ന് നീങ്ങുന്ന ഗരുഡന്മാർ കാവിലെത്തി പയറ്റി പറന്ന് അമ്മയെ വണങ്ങും. മുഴുവൻ ഗരുഡന്മാരും അണിനിരക്കുന്ന കൂടി തൂക്കത്തിന് സമാപ്തിയാകും .
ചിത്രം: മേവെള്ളൂർ ചെറുകര വേദവ്യാസ ധീവര സമാജത്തിൻ്റെയും
കളമ്പൂർ, മുളക്കുളം ധീവര സഭകളുടെയും കെട്ടുകാഴ്ചകളായ ഭീമനെയും ഗരുഡനെയും കാവിലെ പൂരപ്പറമ്പിൽ കുടിയിരുത്തിയപ്പോൾ