നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി സ്‌കൂൾ സമയത്ത് ടോറസ് ലോറികൾ ചീറിപ്പായുന്ന.
പിറവം: പിറവം ടൗണിലൂടെ മണ്ണുമായി ചീറിപ്പായുന്ന ടോറസ് ലോറികൾ അപകടം വിതയ്ക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ പിറവം മേഖലയിൽ മൂന്നിടത്താണ് അപകടം വരുത്തി വെച്ചത്.
ചൊവ്വാഴ്ച മുവാറ്റുപുഴ റോഡിൽ ഓണക്കൂർപാലത്തിന് സമീപം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മൂന്നംഗ കുടുംബത്തിന് ടോറസിടിച്ച് പരിക്കേറ്റിരുന്നു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പറവൂർ വെളിപ്പറമ്പ് എം. മനോജ്, ഭാര്യ മോനിഷ, മകൻ മയൂഖ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പിറവം ജെഎംപി മെഡിക്കൽ സെൻ്ററിൽ പ്രവേശിപ്പിച്ചു. മോനിഷയുടെ കാല് ഒടിഞ്ഞിട്ടുണ്ട്. മൂന്നാറിലേക്ക് ഉല്ലാസ യാത്ര പോകുന്നതിനിടെയാണ് അപകടം. പിന്നാലെ വന്ന ടോറസ്, മറ്റൊരു ടോറസിനെ മറി കടക്കുന്നതിനിടെ ബൈക്കിലിടിക്കുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് ലോറി തടഞ്ഞു നിർത്തിയത്.
ഒന്നരയാഴ്ച മുമ്പ് പിറവം ഫാത്തിമ മാതാ സ്കൂളിന് സമീപത്തു വഴിയറിയിൽ നിർത്തിയിട്ടിരുന്ന കാറിൽ ടോറസ് ലോറി ഇടിച്ചിരുന്നു. ഇതിനുള്ളിലുണ്ടോയിരുന്ന ഡ്രൈവർ പരിക്കുകളൊന്നുമില്ലാതെ രക്ഷപെട്ടു. അടുത്ത ദിവസം പാഴൂരിൽ ഓട്ടോറിക്ഷയിൽ ടോറസ് ലോറി ഇടിച്ചിരുന്നു. വണ്ടിക്ക് കേടുപാടു സംഭവിച്ചെങ്കിലും, ആർക്കും പരിക്കേറ്റില്ല.
ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് കൊച്ചിലേക്കാണ് മണ്ണുമായി ടോറസ് ലോറികൾ പോകുന്നത്. രാത്രിയും, പകലും ഭേദമന്യേ നാനൂറിലധികം ലോറികളാണ് ഇതുവഴി സഞ്ചരിക്കുന്നത്. അമിതമായ വേഗതയിലാണ് ഇവയുടെ സഞ്ചാരം.
സ്കൂൾ പ്രവർത്തി ദിവസങ്ങളിൽ രാവിലെയും, വൈകുന്നേരവുമൊക്കെ ലോറികൾക്ക് സഞ്ചാര നിയന്ത്രണമുണ്ടെങ്കിലും, ഇവർ ഇത് പാലിക്കുന്നില്ലെന്ന് പരാതിയുണ്ട്. മണ്ണ് കൊണ്ടു പോകുന്നതിനുള്ള പാസും, മറ്റ് രേഖകളും ടിപ്പർ ലോറിക്കാർക്ക് ഉള്ളതിനാൽ ഇവർ ആരേയും ഗൗനിക്കുന്നില്ല. ഇതിനാൽ പോലീസും, മോട്ടോർ വാഹന വകുപ്പും ടോറസുകൾ പരിശോധിക്കാൻ പോലും തയാറാവുന്നില്ല.
പാമ്പാക്കുട, പിറവം ഭാഗത്തു നിന്നുമാണ് മലകൾ ഇടിച്ചു നിരത്തി മണ്ണ് ശേഖരിക്കുന്നത്. ഇതിനെതിരെ പ്രദേശത്ത് വ്യാപകമായ പ്രതിഷേധമുണ്ടെങ്കിലും പ്രയോജനമൊന്നും ഉണ്ടായിട്ടില്ല.
ടോറസ് ലോറികളിൽ നിശ്ചിത അളവിൽ കൂടുതൽ മണ്ണാണ് കയറ്റിക്കൊണ്ട് പോകുന്നതെന്നുള്ള പരാതിയുണ്ട്. ഇത് പരിശോധിക്കാൻ അധികൃതർ തയാറാകുന്നില്ല. ഇടതടവില്ലാതെ ടോറസ് പോകുന്നതു മൂലം റോഡുകളും തകർന്നുകൊണ്ടിരിക്കുകയാണ്.
ടോറസിൻ്റെ അമിത വേഗത നിയന്ത്രിക്കുകയും, സ്കൂൾ സമയത്ത് ഓടുന്ന വാഹനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.