കളമ്പൂരിലെ അമർക്കുളം പാടത്ത് ഇക്കുറി സൂര്യകാന്തിയും ജമന്തിയും.
പിറവം: കളമ്പൂരിലെ അമർക്കുളം പാടത്തെ പതിവുകാഴ്ചയായ നെല്ലിനും, പച്ചക്കറികൾക്കുമൊപ്പം ഇക്കുറി വിളിഞ്ഞത് സൂര്യകാന്തിയും ജമന്തിയും. നഗരസഭയിലെ 20, 21 വാർഡുകളിലെ അന്തിക്കാട്ടു കവലയ്ക്ക് സമീപത്തു നിന്നുമാരംഭിക്കുന്ന അമർക്കുളം പാടത്ത് യുവ കർഷകനായ ജിജോ എബ്രാഹം മങ്കിടിയാണ് തൻ്റെ കൃഷിയിടത്തിൽ സൂര്യകാന്തിപ്പാടം ഒരുക്കിയിരിക്കുന്നത് .
അര ഏക്കറോളം സ്ഥലത്താണ് സൂര്യകാന്തി, ജമന്തി പൂക്കൾ കൃഷി ചെയ്തത്. വിരിഞ്ഞു നിൽക്കുന്ന സൂര്യകാന്തി പൂക്കളുടെ ഇടയിൽ നിന്നും ഫോട്ടോ എടുക്കുന്നതിനും, റീൽസ് വീഡിയോ എടുക്കുന്നതിനുമൊക്കെയായി ധാരാളം പേരെത്തുന്നുണ്ട്.ചിത്രങ്ങൾ കണ്ടാൽ തമിഴ് നാട് , കർണാടക പ്രദേശമാണന്ന് തോന്നലാണ് ജനിപ്പിക്കുന്നത്. സ്വന്തമായുള്ള ഒരേക്കർ പാടത്തിനു പുറമെ 49ഏക്കർ പാടമാണ് പാട്ടത്തിനെടുത്തത്. ജീരകശാല, കൊടുകണ്ണി, കുറുവ ,രക്ത ശാലി, തവളക്കണ്ണൻ ചെമ്പാവ് തുടങ്ങി
42 ഇനം നെല്ല് 35 ഏക്കറോളം സ്ഥലത്തായി ജിജോ കൃഷി ചെയ്യുന്നുണ്ട്. 15 ഏക്കറിൽ പയർ, വെണ്ട, തക്കാളി, കോളിഫ്ലവർ, ക്യാബേജ്, വെള്ളിരിക്ക, കപ്പ, വഴ, ചീര തണ്ണി മത്തൻ എന്നിവയാണ് കൃഷി. അമ്മ ശോശാമ്മയും ഭാര്യ വിൻസിയും, മക്കളായ ജിവിൻ, ജിസ്ന, ജോഹാൻ എന്നിവരും പൂർണ പിന്തുണയുമായുണ്ട്.പുതുതലമുറ കൃഷിയിൽ സ്വയം പര്യാപ്തമാ കണമെന്ന തൻ്റെ ലക്ഷ്യം കുട്ടികളിലേക്കും, യുവാക്കളിലേക്കുമെല്ലാം പകർന്നുകൊടുക്കാനാണ് കൃഷിയിടത്തിലെ സൂര്യകാന്തി പാടമെന്ന് ജിജോ പറയുന്നു. ആരും ക്ഷണിക്കാതെ തന്നെ തൻ്റെ കൃഷിയിടത്തിലേക്ക് പുതുതലമുറയെ എത്തിക്കാനായെന്ന് ഇദ്ദേഹം പറയുന്നു.