പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് നടപടി ആരംഭിച്ചു.
ഇലഞ്ഞി : പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് നടപടി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ, വൈസ് പ്രസിഡന്റ് എം.പി.ജോസഫ്, അംഗങ്ങളായ മോളി എബ്രഹാം, ജോർജ് ചമ്പമല എന്നിവർ നൽകിയ പരാതിയിലാണ് ഇടപെടൽ. ഇതുമായി ബന്ധപ്പെട്ട് എറണാകുളം ഡിസ്ട്രിക്ട് ലീഗൽ സർവീസ് അതോറിറ്റിയുടെ സെക്രട്ടറിയും സബ് ജഡ്ജിയുമായ രഞ്ജിത്ത് കൃഷ്ണൻ അഡ്വ. പി. പ്രവീൺ എന്നിവർ അടങ്ങുന്ന ബെഞ്ച് തിങ്കളാഴ്ച്ച സ്പെഷ്യൽ അദാലത്ത് വിളിച്ചിരുന്നു. അദാലത്തിൽ പരാതിക്കാരും കേരള വാട്ടർ അതോറിറ്റി പിറവം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറായ സിന്ധു കെ, അസിസ്റ്റന്റ് എൻജിനീയർ അരവിന്ദ് ജയൻ എന്നിവർ പങ്കെടുത്തു.
ഇലഞ്ഞി പഞ്ചായത്ത് അഞ്ചാം വാർഡിലെ മുത്തോലപുരം പുളിങ്കുന്നു ഭാഗം മൂന്നാം വാർഡിലെ മുങ്ങോട് ഷാപ്പിന്റെ മുകൾഭാഗം ,രണ്ടാം വാർഡിലെ വണ്ടാനം കോളനി , മേച്ചിറ കോളനി വണ്ടിപ്പുര ഭാഗം ,ആലാട്ടുകണ്ടം ,പൊൻകുറ്റി, കുരീത്തടം ഭാഗം നാലാം വാർഡിലെ നെല്ലിക്കാനം ,പുത്തൻ കോളനി ,ഉരുളിച്ചാലി കോളനി എന്നിവിടങ്ങളിൽ പരാതിക്കാരായ പഞ്ചായത്ത് പ്രതിനിധികളും വാട്ടർ അതോറിറ്റി പ്രതിനിധികളും സംയുക്തമായി 18 ന് സന്ദർശിച്ചു വിവരശേഖരണം നടത്തുവാനും തുടർന്ന് ജല അതോറിറ്റി റിപ്പോർട്ട് നൽകുവാനും ബെഞ്ച് നിർദ്ദേശം നൽകി.
ഫോട്ടോ : എറണാകുളം ഡിസ്ട്രിക്ട് ലീഗൽ സർവീസ് അതോറിറ്റിയുടെ സെക്രട്ടറിയും സബ് ജഡ്ജിയുമായ രഞ്ജിത്ത് കൃഷ്ണൻ അഡ്വ. പി.പ്രവീൺ എന്നിവർ ഇലഞ്ഞി പഞ്ചായത്ത് അധികൃതരുമായി ചർച്ച നടത്തുന്നു.