Back To Top

February 16, 2025

കോലഞ്ചേരി സെൻറ് പീറ്റേഴ്സ് കോളേജിന് യുജിസി നാക്ക് അക്രിഡിറ്റേഷനിൽ എ ഡബിൾ പ്ലസ് ഗ്രേഡ്.

 

യുജിസിയുടെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാര പരിശോധന ഏജൻസിയായ നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്ക്) പരിശോധനയിൽ കോലഞ്ചേരി സെൻറ് പീറ്റേഴ്സ് കോളജിന് A++ (എ ഡബിൾ പ്ലസ്) ഗ്രേഡ് ലഭിച്ചു. കോളേജിന്റെ വജ്ര ജൂബിലി വർഷത്തിൽ ലഭിച്ച ഈ അംഗീകാരം അഭിമാനാർഹമാണന്ന് സെൻറ് പീറ്റേഴ്സ് കോളേജ് ട്രസ്റ്റ് സെക്രട്ടറി ഡോ. വിജു ജേക്കബ് അറിയിച്ചു.

മിസോറാം സർവകലാശാല പ്രൊ. വൈസ് ചാൻസലർ ഡോ. പ്രവാകർ രത്തിന്റെ നേതൃത്വത്തിലുള്ള മൂന്നഗ നാക്ക് സംഘം കോളേജിൻ്റെ നാലാമത്തെ അക്രഡിറ്റേഷൻ സൈക്കിളിന്റെ ഭാഗമായി ഫെബ്രുവരി 6, 7 തീയതികളിലായി നടത്തിയ പരിശോധനകളുടെയും വിലയിരുത്തലുകളുടെയും ഫലമാണ് നാക്ക് ബാംഗ്ലൂർ കേന്ദ്രത്തിൽ നിന്നും പ്രസിദ്ധീകരിച്ചത്. അക്കാദമിക് മികവുകൾ, അധ്യാപന രീതി, പശ്ചാത്തല സൗകര്യം, പഠനോപകരണങ്ങളുടെ ലഭ്യത, ക്യാംപസ് സൗഹൃദ ഇടങ്ങൾ, ലൈബ്രറി, കളിസ്ഥലങ്ങൾ എന്നിങ്ങനെ എല്ലാ മേഖലയും പരിശോധിച്ചതിന് ശേഷമാണ് ഏറ്റവും ഉയർന്ന ഗ്രേഡ് നൽകിയത്.

കോളേജ് ട്രസ്റ്റ് സെക്രട്ടറി ഡോ. വിജു ജേക്കബ്, ട്രസ്റ്റ് ചെയർമാൻ ശ്രീ. ബാബു പോൾ, പ്രിൻസിപ്പാൾ ഡോ ബിനുജ ജോസഫ്, വൈസ് പ്രിൻസിപ്പാൾ ഡോ. കെ. പി. ജോസ്, ഐ.ക്യു.എസി. കോർഡിനേറ്റർ ശ്രീ. ജീൻ എ. വർഗീസ്, നാക്ക് കോർഡിനേറ്റർ ഡോ. ജെസ്സി ജെയിംസ് എന്നിവരുടെ നേതൃത്വത്തിൽ മൂന്നംഗം നാക്ക് ടീമിനെ സ്വാഗതം ചെയ്തു.

15 ബിരുദ പ്രോഗ്രാമുകളും 8 ബിരുദാനന്തര പ്രോഗ്രാമുകളും 5 പിഎച്ച്ഡി പ്രോഗ്രാമുകളും ഉള്ള കോളേജ് പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നതായി സമിതി വിലയിരുത്തി. പ്രിൻസിപ്പാൾ ഡോ.ബിനുജ ജോസഫ്, ഐ. ക്യു. എ. സി. കോഡിനേറ്റർ ജീൻ എ. വർഗീസ് എന്നിവർ കോളേജിന്റെ ലക്ഷ്യം, നേട്ടങ്ങൾ, കോളേജ് തുടർച്ചയായി ഏറ്റെടുത്ത് നടത്തുന്ന വിജ്ഞാനവ്യാപന പ്രവർത്തനങ്ങൾ അക്കാദമികവും ഭരണപരവുമായ മികവ് വർദ്ധിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങൾ എന്നിവ വിശദീകരിച്ച് പ്രസന്റേഷനുകൾ നടത്തി. മാനേജ്മെന്റ് പ്രതിനിധികൾ, ഐ.ക്യു.എസി. അംഗങ്ങൾ, അധ്യാപകർ, അനധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, പൂർവവിദ്യാർഥികൾ എന്നിവരുമായും സംഘം ആശയ വിനിമയം നടത്തി. കോളജിന്റെ ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾ, പൈതൃക സംരക്ഷണ പ്രവർത്തനങ്ങൾ, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ, കായിക മേഖലയിലെ മികവ്, മികച്ച ലബോറട്ടറി സൗകര്യം, സൗജന്യ വൈഫൈ സൗകര്യം, വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിന് ആവശ്യമായ കർമ്മ പരിപാടികൾ മൈത്രേയ അക്ഷരശ്രീ എന്നീ പ്രോഗ്രാമുകൾ എന്നിവ സംഘത്തിന്റെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.

 

സന്ദർശനത്തോടനുബന്ധിച്ച് കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി കോളേജിൽ നടക്കുന്ന പ്രവർത്തനങ്ങളെ ആസ്പദമാക്കിയുള്ള ഒരു എക്സിബിഷനും വിവിധ സംസ്ഥാനങ്ങളിലെ കലാരൂപങ്ങൾ കോർത്തിണക്കിയുള്ള കുട്ടികളുടെ കലാവിരുന്നും സംഘടിപ്പിച്ചിരുന്നു.

മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ പഠിച്ച ഈ കലാലയത്തിൽ കഴിഞ്ഞ വർഷം എംജി സർവകലാശാലയുടെ 16 റാങ്കുകൾ ലഭിച്ചിരുന്നു. എൻസിസി, എൻഎസ്എസ്, വിമൻസ് ക്ലബ്, സംരംഭകത്വ ക്ലബ് തുടങ്ങിയവയുടെ പ്രവർത്തനവും മികച്ചതാണ്. ഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡിൽ ഈ വർഷം ഉൾപ്പെടുത്തിയ സീനിയർ പെൺകുട്ടികളുടെ ബാൻ്റിൽ ഇവിടെ നിന്നുള്ള 4 എൻസിസി കേഡറ്റുകൾ പങ്കെടുത്തിരുന്നു.

കോളേജിൻ്റെ അഭിമാനാർഹമായ നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും അനധ്യാപകരെയും വിദ്യാർത്ഥികളെയും കോളേജ് ട്രസ്റ്റ് സെക്രട്ടറി ഡോ. വിജു ജേക്കബ്, ട്രസ്റ്റ് ചെയർമാൻ ബാബു പോൾ, ട്രഷറർ ഡോ. ശശി ഏളൂർ എന്നിവർ അഭിനന്ദിച്ചു.

Prev Post

കാക്കൂർ ഗവ. എൽ.പി സ്‌കൂളിലെ കിഡ്‌സ് പാർക്ക് ഉദ്ഘാടനവും സ്കൂളിന്റെ 77 മത്…

Next Post

രാമമംഗലം ഹൈസ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നടത്തി

post-bars