പുലി ഭീതിയിൽ പാലക്കുഴ നിവാസികൾ. പഞ്ചായത്തിലെ മാറിക വഴിത്തല മേഖലയിൽ പുലി ഇറങ്ങിയതായുള്ള ആശങ്ക പടർന്നതോടെ ജനങ്ങൾ ഭീതിയിലാണ്.
പാലക്കുഴ : പുലി ഭീതിയിൽ പാലക്കുഴ നിവാസികൾ. പഞ്ചായത്തിലെ മാറിക വഴിത്തല മേഖലയിൽ പുലി ഇറങ്ങിയതായുള്ള ആശങ്ക പടർന്നതോടെ ജനങ്ങൾ ഭീതിയിലാണ്. തിങ്കളാഴ്ച രാത്രിയാണ് വഴിത്തല പതിപ്പള്ളി സജിയുടെ വീടിന്റെ പരിസരത്ത് പുലിയെ കണ്ടതായി പറയപ്പെടുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടും വിസർജ്ജ്യവും കണ്ടെത്തി. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയാണെന്ന് സ്ഥിതീകരിച്ചിട്ടില്ല. മാറിക കോലടി ഭാഗത്തും പുലിയെ കണ്ടതായി പറയുന്നു. എറണാകുളം ഇടുക്കി ജില്ലകളോട് അതിർത്തി പങ്കിടുന്ന ഭാഗങ്ങളാണ് മാറിക വഴിത്തല പ്രദേശങ്ങൾ. പത്തു കിലോമീറ്റർ അപ്പുറം കരിങ്കുന്നം ഭാഗത്ത് പുലിയെ കണ്ടെന്ന വാർത്ത പരന്നതോടെ മാറിക അമ്പാട്ടുകണ്ടം, വഴിത്തല ഭാഗത്തുള്ളവർ ആശങ്കയിലാണ്.
2016 ജനുവരിയിൽ മാറിക അമ്പാട്ടുകണ്ടത്ത് വീട്ടുവളപ്പിലെ കിണറിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.
ഫോട്ടോ : വഴിത്തല പതിപ്പള്ളി സജിയുടെ വീടിന്റെ പരിസരത്ത് കണ്ടെത്തിയ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടും വിസർജ്ജ്യവും.