തുടർച്ചയായി രണ്ടുവർഷം സംസ്ഥാന ആർദ്ര കേരളം പുരസ്കാരം നേടിയതിൽ അഭിമാനം : ഏലിയാമ്മ ഫിലിപ്പ്
പിറവം: തുടർച്ചയായി രണ്ടുവർഷം സംസ്ഥാന ആർദ്ര കേരളം പുരസ്കാരം നേടിയതിൽ അഭിമാനമുണ്ടെന്നും നിരവധി ജനക്ഷേമ പ്രവർത്തനത്തിന് നേതൃത്വം നൽകാൻ കൂടെ നിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും പിറവം നഗരസഭ അധ്യക്ഷ സ്ഥാനം രാജി വച്ച ശേഷം ഏലിയാമ്മ ഫിലിപ്പ് പ്രതികരിച്ചു. ഇടത് മുന്നണി ധാരണ പ്രകാരമാണ് രാജിവച്ചത്.
താലൂക്ക് ആശുപത്രിയേയും, പാലച്ചുവടിലെ ആയുർവേ ആശുപത്രിയേയും ആധുനികവത്കരിച്ച് സാധാരണക്കാർക്ക് ആശ്രയിക്കാവുന്ന ഇടമാക്കി മാറ്റി. കളമ്പൂർ കോട്ടപ്പുറത്ത് വെൽനെസ് സെൻ്ററും പ്രവർത്തനമാരംഭിച്ചു. പ്രസവ രക്ഷക്ക് മധുരം മാതൃത്വം പദ്ധതിക്ക് 80 ലക്ഷത്തിൻ്റെ പദ്ധതി, ദുർബല വിഭാഗങ്ങളുടെ അടുക്കളകൾ നവീകരിക്കാനുള്ള സ്മാർട്ട് കിച്ചൺ പദ്ധതി, ജനറൽ വിഭാഗം കുടുംബങ്ങൾക്കുള്ള സ്വപ്ന വീട് ഭവന നവീകരണ പദ്ധതി, വീട്ടുപടിക്കൽ ഫിസിയോതെറാപ്പി സേവനം തുടങ്ങിയ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടപ്പാക്കിയതായും അവർ പറഞ്ഞു.
പിറവം ഗവ. എൽ പി സ്കൂൾ പാഴൂർ ഗവ.എൽപി സ്കൂൾ, കക്കാട് ഗവ.സ്കൂൾ തുടങ്ങി തകർന്ന കിടന്ന സ്കൂളുകൾ നവീകരിച്ച് പത്തു വർഷത്തെ യുഡിഎഫ് ഭരണത്തിൻ്റെ വിദ്യാഭ്യാസ മേഖലയോടുള്ള അവഗണനക്ക് അറുതി വരുത്തി. ലൈഫ് പദ്ധതി കാര്യക്ഷമമാക്കിയും, കളമ്പൂർ ലക്ഷം വീട് ഒറ്റ വീടുകളാക്കിയും, തകർന്നു കിടന്ന നഗരസഭാ റോഡുകൾ പുനർനിർമ്മിച്ചും, നെൽകൃഷിക്ക് പണിക്കൂലി മുഴുവൻ സബ്സിഡി നൽകിയും മാതൃകാപരമായാണ് ഏലിയമ്മ ഫിലിപ് അധ്യക്ഷസ്ഥാനം കൈകാര്യം ചെയ്തിരുന്നതെന്ന് വൈസ് ചെയർമാൻ കെ.പി. സലിം പറഞ്ഞു.
ഫോട്ടോ :
പിറവം ചെയർപേഴ്സൺ ഏലിയമ്മ ഫിലിപ്പ് നഗരസഭ സെക്രട്ടറിക്ക് രാജിക്കത്ത് സമർപ്പിക്കുന്നു. വൈസ് ചെയർമാൻ കെ പി സലീം സമീപത്ത്.