Back To Top

July 30, 2024

പെരുമ്പിള്ളി ഗവ. യു പി സ്കൂൾ സർക്കാർ ഏറ്റെടുത്തു .

 

പിറവം : ശതാബ്ദിയോട് അടുക്കുന്ന മുളന്തുരുത്തി പെരുമ്പിള്ളി യുപി സ്കൂൾ, ഇനി സർക്കാർ ഏറ്റെടുത്ത് പെരുമ്പിള്ളി ഗവ. യു പി സ്കൂൾ എന്ന് പേരുമാറ്റിയതിൻ്റെ ഉത്തരവ് മന്ത്രി വി. ശിവൻകുട്ടി സ്കൂൾ അധികൃതർക്കു കൈമാറി. വിദ്യാഭ്യാസ വകുപ്പിൻ്റെ മേഖലാ തല അദാലത്ത് ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപിക സീന എസ്. തോമസ് , അധ്യാപിക നിഷ എബ്രഹാം എന്നിവർ ചേർന്ന് ഉത്തരവ് ഏറ്റുവാങ്ങി. എംഎൽഎമാരായ ടി.ജെ. വിനോദ് , ശ്രീനിജൻ , പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് , ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

 

പട്ടാര്യ സമാജത്തിൻ്റെ നേതൃത്വത്തിൽ പെരുമ്പിള്ളിയിൽ സ്കൂൾ സ്ഥാപിതമായത് 1926 ൽ ആണ്.ഒന്നു മുതൽ 5 വരെ ക്ലാസുകളാണ് ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നത്. പെരുമ്പിള്ളി പട്ടുകുളങ്ങര നാരായണപിള്ളയാണ് സ്കൂൾ സ്ഥാപകൻ. പാപ്പാളിൽ ശങ്കരപിള്ള മാനേജരും കെ.വി. കുമാരപിള്ള ആദ്യ ഹെഡ് മാസ്റ്ററുമായിരുന്നു. പിന്നീട് സ്കൂൾ നടത്തിപ്പ് പട്ടാര്യ സമാജത്തിൽ നിന്ന് സ്റ്റാഫ് മാനേജ്മെൻ്റ് സംവിധാനത്തിലേക്കു മാറി. 1959-60-ൽ യുപി സ്കൂൾ ആയി ഉയർത്തി.

നിലവിൽ കെജി മുതൽ എഴ് വരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും നടന്നുവരുന്നുണ്ട്.1947ൽ ആരംഭിച്ച പെരുമ്പിള്ളി ഗ്രാമീണ വായനശാല പ്രവർത്തനം തുടങ്ങുന്നത് പെരുമ്പിള്ളി സ്കൂളിൻ്റെ ക്ലാസ്മുറിയിലായിരുന്നു. അറിവും അച്ചടക്കവും പാഠ്യേതര പ്രവർത്തനങ്ങളിലെ മികവും നിമിത്തം നിലനിർത്തിപ്പോന്നസ്കൂളിൻ്റെ പൂർവ വിദ്യാർത്ഥികളിൽ ഒട്ടേറപ്പേർ സമൂഹത്തിലെ വലിയ സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്. കലാ, കായിക മത്സരങ്ങളിലും, ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിലും സ്കൂൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സംസ്കൃതോത്സവങ്ങളിൽ ചാമ്പ്യൻഷിപ്പ് നിലനിർത്തുന്നു .സ്കൂൾ കലോത്സവങ്ങളിൽ മിന്നുന്ന വിജയം , വിദ്യാരംഗം കയ്യെഴുത്തു മാസികയ്ക്ക് സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം എന്നിവയെല്ലാം സ്കൂൾ നേടി. കഴിഞ്ഞ അധ്യായന വർഷത്തെ സംസ്ഥാന അധ്യാപക അവാർഡിനുള്ള ചുരുക്കപ്പട്ടികയിൽ ജില്ലയിൽ നിന്നും പെരുമ്പിള്ളി യുപി സ്കൂൾ പ്രധാനാധ്യാപിക സീന എസ്. തോമസ് ഉൾപ്പെട്ടത് , സ്കൂളിൻ്റെ അക്കാദമിക് നിലവാരത്തിനുള്ള വലിയ അംഗീകാരമായി കണക്കാക്കുന്നു. കേരളീയ തനിമ നിലനിർത്തുന്ന ക്ലാസ് മുറികളും ഐ ടി. ലാബ്, സ്മാർട്ട് ടിവി, സ്മാർട്ട് മൊബൈൽ സ്ലൈഡ് , ടോയ്ലറ്റ് ബ്ലോക്ക് , പഴവർഗത്തോട്ടം , ആധുനിക പാചകപ്പുര എന്നിവയും സ്കൂളിനുണ്ട്. ഐ ടി കമ്പനിയായ യുഎസ്ടി ഗ്ലോബലും പൂർവ വിദ്യാർത്ഥികളും പിടിഎയും സ്കൂളിൻ്റെ വികസനത്തിന് പിന്തുണ നൽകി വരുന്നു.

 

Prev Post

എറണാകുളം ജില്ലയിൽ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  നാളെ (30.07.2024) അവധി

Next Post

വയനാടിനെ നടുക്കിയ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. പലയിടങ്ങളിലായി 73 മൃതദേഹങ്ങള്‍ ഇതിനകം കണ്ടെടുത്തുവെന്നാണ്…

post-bars