പാഴൂര്‍ മഹാശിവരാത്രി: സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി പോലീസ്
പിറവം: മഹാശിവരാത്രി പിതൃതര്‍പ്പണത്തിന് ആയിരങ്ങളെത്തുന്ന തൃപ്പാഴൂരില്‍ പുത്തൻകുരിശ് ഡിവൈഎസ്പി വി.ടി ഷാജന്റെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ പോലീസെത്തി. ക്ഷേത്ര പരിസരവും ശിവരാത്രി മണപ്പുറവും, തൂക്കുപാലവും മണൽപ്പുറത്തേക്ക് കടക്കാൻ നിർമിച്ചിരിക്കുന്ന താത്ക്കാലിക പാലത്തിന്റെ സുരക്ഷയും മണൽപ്പുറത്തെ ക്രമീകരണങ്ങളും വിലയിരുത്തി. തൂക്കുപാലത്തില്‍ ഒരേ സമയം പത്ത് പേരില്‍ കൂടുതല്‍ കയറാതിരിക്കാന്‍ ഇരുഭാഗത്തും പോലീസിനെ ഡ്യൂട്ടിക്കിടും. മണൽപ്പുറത്തേക്ക് കടക്കാൻ വിനോദ സഞ്ചാര വകുപ്പിന്റെ മഴവിൽപ്പാലത്തിന് ഒപ്പം താത്കാലിക പാലവുമുണ്ട്.
ശിവരാത്രിനാള്‍ നേരം പുലരുന്നതോടെ പാഴൂരിലേയ്ക്ക് ഭക്തജനങ്ങളെത്തും. വൈകീട്ട് ദീപാരാധനയോടെ ക്ഷേത്ര പരിസരം ജന നിബിഡമാകും. അര്‍ദ്ധ രാത്രി പെരുംതൃക്കോവിലപ്പനെ ഉപദേവന്മാര്‍ക്കൊപ്പം മണപ്പുറത്തേയ്ക്ക് എഴുന്നളളിക്കും. മണപ്പുറത്ത് വിളക്കാചാരം നടത്തി ദേവന്മാര്‍ ക്ഷേത്രത്തിലേയ്ക്ക് മടങ്ങുന്നതോടെ ബലിത്തറകളില്‍ പിതൃതര്‍പ്പണ ചടങ്ങുകൾ ആരംഭിക്കും.
ചിത്രം: മഹാശിവരാത്രിക്ക് മുന്നോടിയായി പുത്തന്‍കുരിശ് ഡി.വൈ.എസ്.പി. വി.ടി ഷാജന്റെ നേതൃത്വത്തില്‍ ശിവരാത്രി മണപ്പുറത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നു
.